ശ്രീനഗര്‍: കശ്മീരില്‍ കൂടുതല്‍ ചാവേര്‍ ആക്രമണങ്ങള്‍ നടത്തുമെന്ന ഭീഷണിയുമായി ഹിസ്ബുള്‍ മുജാഹിദ്ദീന്‍. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ചൊവ്വാഴ്ച പുറത്തുവിട്ട 17 മിനിറ്റ് ദൈര്‍ഘ്യമുള്ള ഓഡിയോ സന്ദേശത്തിലാണ് ഭീഷണി ഉയര്‍ത്തുന്നത്. സമൂഹമാധ്യമങ്ങളില്‍ ഇത് പ്രചരിക്കുന്നുണ്ട്. ഹിസ്ബുള്‍ ഓപറേഷണല്‍ കമാന്‍ഡര്‍ റിയാസ് നയ്കൂവാണ് ഓഡിയോ ഇറക്കിയത്.
”നിങ്ങള്‍ ഇവിടെ ആയിരിക്കുന്ന കാലത്തോളം നിങ്ങള്‍ കരഞ്ഞുകൊണ്ടിരിക്കും. നിങ്ങളുടെ സൈന്യം ഇവിടെയുള്ള കാലത്തോളം നിങ്ങളുടെ സൈനികരുടെ ശവമഞ്ചങ്ങള്‍ നിറയുന്നത് തുടരും. ഞങ്ങള്‍ മരിക്കാന്‍ തയ്യാറാണ്, എന്നാല്‍ നിങ്ങളെ ജീവിക്കാന്‍ അനുവദിക്കുകയുമില്ല’ നായ്കൂ പറയുന്നു. ദക്ഷിണ കശ്മീര്‍ സ്വദേശിയാണ് നയ്കൂ.
സ്വാതന്ത്ര്യമെന്നത് കശ്മീരി യുവാക്കളുടെ വികാരമാണ്. അതിനായി തങ്ങളുടെ ജീവന്‍തന്നെ സമര്‍പ്പിക്കും. കീഴടങ്ങുന്നതിനേക്കാള്‍ മരിക്കാനാണ് ആഗ്രഹിക്കുന്നത്. ഞങ്ങളുടെ കൗമാരക്കാരായ കുട്ടികള്‍ ശരീരത്തില്‍ സ്ഫോടക വസ്തുക്കള്‍ കെട്ടിവച്ച് സൈനിക വാഹനത്തിനു മുന്നില്‍ എത്തുന്ന കാലം അകലെയല്ല. അടിമത്വത്തെക്കാള്‍ ഞങ്ങള്‍ മരിക്കാനാണ് ഇഷ്ടപ്പെടുന്നത് നായ്കൂ പറയുന്നു.
പുല്‍വാമ ഭീകരാക്രമണം നടന്ന് ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോളാണ് ഭീഷണിയുമായി ഹിസ്ബുള്‍ മുജാഹിദ്ദീന്‍ എത്തിയിരിക്കുന്നത്. പ്രദേശവാസികളായ ചെറുപ്പക്കാരെ ഉപയോഗിച്ചായിരിക്കും ആക്രമണമെന്നാണ് താക്കീത്. തങ്ങള്‍ക്ക് ഇത് ജീവന്മരണ പോരാട്ടമാണെന്നും ഹിസ്ബുള്‍ പറയുന്നു. ഇതാദ്യമായാണ് കശ്മീരിലെ വിഘടന തീവ്രവാദ സംഘടനയായ ഹിസ്ബുള്‍ പരസ്യമായി ഭീഷണിയുമായി രംഗത്തെത്തുന്നത്. ഇതുവരെ കശ്മീരില്‍ ഇത്തരം ആക്രമണങ്ങള്‍ നടത്തിയിരുന്നത് പാകിസ്ഥാന് ഭീകരരരായ ജെയ്ഷെ മുഹമ്മദ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ ആയിരുന്നു.
Discussion about this post