മോസ്‌കോ : റഷ്യയുടെ പ്രതിരോധ മന്ത്രി സ്ഥാനത്തു നിന്നും സെർജി ഷൊയ്ഗുവിനെ മാറ്റി. പ്രസിഡന്റ് വ്ലാഡിമര്‍ പുടിൻ ആണ് പ്രതിരോധ മന്ത്രിയെ മാറ്റിയ നടപടി സ്വീകരിച്ചത്. യുക്രൈനിയൻ ആക്രമണത്തിൽ റഷ്യയിൽ 10 നില കെട്ടിടം തകർന്നു 13 പേർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സെർജി ഷൊയ്ഗുവിനെ പ്രതിരോധ മന്ത്രി സ്ഥാനത്തു നിന്നും മാറ്റിയിരിക്കുന്നത്. ആൻഡ്രി ബെലോസോവ് ആയിരിക്കും പകരം പ്രതിരോധമന്ത്രി ആകുന്നത്.
പ്രതിരോധമന്ത്രി സ്ഥാനത്തുനിന്നും നീക്കിയ ശേഷം സെർജി ഷൊയ്ഗുവിനെ പുടിൻ റഷ്യയുടെ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറിയായി നിയമിച്ചിട്ടുണ്ട്. നേരത്തെ തന്നെ സെർജിയുമായി പുടിന് അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നതായി സൂചനയുണ്ടായിരുന്നു. കഴിഞ്ഞമാസം സെർജി ഷൊയ്ഗുവിന്റെ അടുത്ത അനുയായി ആയിരുന്ന തിമോർ ഇവാനോവിനെ കൈക്കൂലിക്കേസിൽ അറസ്റ്റ് ചെയ്തിരുന്നു.
മുൻപ് റഷ്യയുടെ ഡെപ്യൂട്ടി പ്രധാനമന്ത്രി പദവി വഹിച്ചിട്ടുള്ള വ്യക്തിയാണ് പുതിയ പ്രതിരോധ മന്ത്രിയായി ചുമതല ഏൽക്കാൻ ഒരുങ്ങുന്ന ആൻഡ്രി ബെലോസോവ്. 2013 മുതൽ വ്ലാഡിമര്‍ പുടിന്റെ ഓഫീസിലെ ഇക്കണോമിക് ഡെവലപ്മെന്റ് മിനിസ്ട്രിയിൽ ബെലോസോവ് പ്രവർത്തിച്ചിരുന്നു.
Discussion about this post