ജമ്മു കശ്മീരില്‍ സൈനികരുടെ മനുഷ്യാവകാശം സംരക്ഷിക്കപ്പെടണമെന്ന ആവശ്യവുമായി സൈനികരുടെ മക്കള്‍ കോടതിയില്‍. രാജ്യത്ത് കശ്മീരി പൗരന്മാര് സംരക്ഷിക്കപ്പെടണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചതിന് തൊട്ട് പിന്നാലെയാണ് സൈനികരുടെ മനുഷ്യാവകാശം സംരക്ഷിക്കണമെന്ന ആവശ്യവുമായി സൈനികരുടെ മക്കള്‍ തന്നെ രംഗത്ത് വന്നത്. ജമ്മു കശ്മീരില്‍ കല്ലെറിയുന്നവരില്‍ നിന്നും സൈനികരെ രക്ഷിക്കണമെന്ന ആവശ്യമാണ് ഇവര്‍ മുന്നോട്ട് വെക്കുന്നത്. 19 വയസ്സുള്ള പ്രീതി കേദര്‍ ഗോഖ്ലെയും 20 വയസ്സുള്ള കാജല്‍ മിശ്രയുമാണ് കോടതിയെ സമീപിച്ചത്. പ്രീതി ഒരു ലെഫ്റ്റനന്റ് കേണലിന്റെ മകളാണ്. അതേസമയം റിട്ടയര്‍ ചെയ്ത ഒരു നായബ് സുബേദാറിന്റെ മകളാണ് കാജല്‍ മിശ്ര.
സൈനികരുടെ മനുഷ്യാവകാശം സംരക്ഷിക്കാന്‍ കേന്ദ്രവും സംസ്ഥാന സര്‍ക്കാരും ഒരു രീതിയിലുള്ള നടപടികളുമെടുത്തിട്ടില്ലെന്നും ഇവര്‍ ആരോപിച്ചു. കല്ലെറിയുന്നവര്‍ക്കെതിരെ നടപടിയെടുക്കുന്നതിന് പകരം ഇവര്‍ക്കെതിരെയുള്ള 9,760 എഫ്.ഐ.ആറുകള്‍ റദ്ദാക്കുകയാണ് ഉണ്ടായതെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി. കല്ലേറിനെതിരെ എന്തെങ്കിലും തരത്തിലുള്ള നടപടി സൈനികര്‍ എടുത്താല്‍ അവര്‍ക്കെതിരെ എഫ്.ഐ.ആര് സമര്‍പ്പിക്കുന്ന പ്രവണതയും കണ്ടുവരുന്നുണ്ടെന്ന് ഇവര്‍ വ്യക്തമാക്കി.
Discussion about this post