രാജ്യത്തെ സേവിക്കുന്നതിനിടെ വീരമൃത്യു വരിച്ച ജവാന്റെ ഭാര്യ തന്റെ ഭര്‍ത്താവിന് ശ്രദ്ധാഞ്ജലിയര്പ്പിക്കുന്നത് സൈന്യത്തിന്റെ ഭാഗമായിക്കൊണ്ട്. 2017 ഡിസംബറില്‍ വീരമൃത്യു വരിച്ച മേജര്‍ പ്രസാദ് മഹാധിക്കിന്റെ ഭാര്യ ഗൗരി മഹാധിക്കാണ് കരസേനയുടെ ഭാഗമാകാന്‍ പോകുന്നത്. തന്റെ ഭര്‍ത്താവിന് ശ്രദ്ധാഞ്ജലി എന്ന രീതിയിലാണ് താന്‍ കരസേനയുടെ ഭാഗമായതെന്ന് ഗൗരി വ്യക്തമാക്കി.
ചൈനീസ് അതിര്‍ത്തിയിലെ തവാങില്‍ വെച്ചാണ് മേജര്‍ പ്രസാദ് മഹാധിക് വീരമൃത്യു വരിച്ചത്. 2020ല്‍ ലെഫ്റ്റനന്റ് പദവിയിലാണ് ഗൗരി മഹാധിക് സേനയില്‍ പ്രവേശിക്കുക. ചെന്നൈയില്‍ നടക്കുന്ന ഓഫീസര്‍മാരുടെ പരിശീലന കോഴ്സ് പൂര്‍ത്തിയാക്കിയതിന് ശേഷമായിരിക്കും ഇത്.
യുദ്ധത്തില്‍ വീരമൃത്യു വരിക്കുന്നവരുടെ വിധവകള്‍ക്ക് വേണ്ടിയുള്ള പ്രവേശനത്തിലൂടെയാണ് ഗൗരി മഹാധിക് സൈന്യത്തിന്റെ ഭാഗമാകുന്നത്. ഭോപ്പാലില്‍ വെച്ച് നടന്ന പരീക്ഷയില്‍ ഗൗരി മികച്ച രീതിയിലായിരുന്നു പാസായത്.
ഭര്‍ത്താവ് മരിക്കുന്നതിന് മുന്‍പ് ഗൗരി ഒരു കമ്പനിയുടെ സെക്രട്ടറിയും ഒരു അഭിഭാഷകയുമായിരുന്നു. 2015ലായിരുന്നു പ്രസാദും ഗൗരിയും തമ്മിലുള്ള വിവാഹം നടന്നത്. 2012ലായിരുന്നു പ്രസാദ് സൈന്യത്തില്‍ പ്രവേശിച്ചത്. ഭര്‍ത്താവിന്റെ വിയോഗത്തിന് ശേഷം ജോലി രാജി വെച്ച് സേനിയല് പ്രവേശിക്കുന്നതിന് വേണ്ടിയുള്ള പരീക്ഷയ്ക്ക് പഠിക്കുകയായിരുന്നു ഗൗരി.
Discussion about this post