പുല്‍വാമ ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ പാക് ഭീകരരുടെ മൂന്ന് പരിശീലന ക്യാമ്പുകളാണ് ഇന്ത്യ തകര്‍ത്തത്. ഇന്ത്യ തങ്ങളുടെ നീക്കത്തിലൂടെ ലക്ഷ്യം വെച്ചത് 5 ഭീകരരെയാണ്. ഇതില്‍ ജയ്ഷ്-ഇ-മുഹമ്മദ് തലവന്‍ മസൂദ് അസറിന്റെ സഹോദരനും ഭാര്യാ സഹോദരനും ഉള്‍പ്പെടുന്നു.
മസൂദ് അസറിന്റെ സഹോദരന്‍ തല്‍ഹ സെയിഫ് ഭീകരാക്രമണങ്ങളുടെ ആസൂത്രണ വിഭാഗം ചുമതലയുള്ള ഭീകരനാണ്. മസൂദ് അസറിന്റെ ഭാര്യാ സഹോദരനായ യൂസഫ് അസറാണ് സൈന്യം ലക്ഷ്യം വെച്ച രണ്ടാമത്തെ ഭീകരന്‍. ഇന്ത്യയുടെ ഐ.സി-814 എന്ന വിമാനം റാഞ്ചിയ കേസില്‍ ഇന്ത്യ തിരയുന്ന ഭീകരനാണ് യൂസഫ് അസര്‍. ബലാകോട്ടിലെ ഭീകരക്യാമ്പിന്റെ നേതൃത്വം യൂസഫ് അസറിന്റെ പക്കലായിരുന്നു. ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസും യൂസഫ് അസറിനെതിരെയുണ്ട്.
നേപ്പാളിലെ കാഠ്മണ്ഡുവില്‍ നിന്നും ദക്ഷിണ അഫ്ഗാാനിസ്ഥാനിലെ കാണ്ഡഹാറിലേക്ക് പൊയക്കൊണ്ടിരുന്ന ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനമായിരുന്നു യൂസഫ് അസറും കൂട്ടരും ചേര്‍ന്ന് ഹൈജാക്ക് ചെയ്തത്. 1999 ഡിസംബര്‍ 24നായിരുന്നു സംഭവം. സി.ബി.ഐയുടെ ആവശ്യപ്രകാരമായിരുന്നു യൂസഫ് അസറിനെതിരെയും മറ്റ് 6 പേരുടെയും പേരില്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചത്. ഹൈജാക്ക് ചെയ്തതിനെത്തുടര്‍ന്ന് ഇന്ത്യയുടെ പക്കലുണ്ടായിരുന്ന മസൂദ് അസറിനെയും മറ്റ് രണ്ട് ഭീകരരെയും മോചന ദ്രവ്യമായി ഇന്ത്യ വിട്ട് നല്‍കുകയായിരുന്നു.
അഫ്ഗാനിസ്ഥാന്റെയും കശ്മീരിന്റെയും ചുമതലയുള്ള മൗലാന അമ്മറാണ് ഇന്ത്യ ലക്ഷ്യം വെച്ച മൂന്നാമത്തെ ഭീകരന്‍. കൂടാതെ ഭീകരാക്രമണങ്ങളുടെ കശ്മീരിലെ ആസൂത്രണ വിഭാഗം തലവന്‍ മുഫ്തി അസര്‍ ഖാന്‍ കശ്മീരിയെയും സൈന്യം ലക്ഷ്യമിട്ടിരുന്നു. ഇതിന് പുറമെ മസൂദ് അസറിന്റെ മുതിര്‍ന്ന സഹോദരന്‍ ഇബ്രാഹിം അസറെയും ഇന്ത്യ ലക്ഷ്യമിട്ടു.
ഇന്ത്യ ലക്ഷ്യമിട്ട ഭീകരരെ വധിക്കാന്‍ സാധിച്ചുവോയെന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല. എന്നാലും 300ലധികം ഭീകരരെ വധിക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്.
Discussion about this post