[highlight] അരുവിക്കര: അരുവിക്കരയില്‍ അവസാനവട്ട പ്രചരണം കൊടുമ്പിരി കൊള്ളുമ്പോള്‍ എല്ലാവരും സമ്മതിക്കുന്ന കാര്യമുണ്ട്. ശക്തമായ ത്രികോണ മത്സരമാണ് അരുവിക്കരയില്‍. അരുവിക്കരയിലെത്തുന്ന ഏതൊരാള്‍ക്കും അക്കാര്യം ബോധ്യപ്പെടും.
ത്രികോണ മത്സരമില്ല എന്ന് വരുത്തി തീര്‍ക്കാന്‍ ഇടത് മുന്നണി കാര്യമായി ശ്രമിക്കുന്നുണ്ടെങ്കിലും, ബിജെപി പരിപാടികളില്‍ കാണുന്ന ആള്‍ക്കൂട്ടവും, പ്രചരണത്തില്‍ ബിജെപി കേന്ദ്രങ്ങള്‍ കാണിക്കുന്ന ആത്മവിശ്വാസവും ഇടത് വലത് മുന്നണികളെ ആശങ്കയിലാക്കിയിട്ടുണ്ടെന്ന് വ്യക്തം. [/highlight]
ചിട്ടയായ പ്രചരണവുമായി ഇടത് മുന്നണി
പ്രചരണത്തില്‍ തുടക്കം മുതല്‍ എം വിജയകുമാറായിരുന്നു മുന്നില്‍. സിപിഎം പൊളിറ്റ് ബ്യൂറോ അംഗ പിണറായി വിജയന്‍ മണ്ഡലത്തില്‍ മുഴുവന്‍ സമയം ചിലവഴിച്ച് പ്രചരണത്തിന് നേതൃത്വം നല്‍കി. അഴിമതിയും, വികസനമില്ലായ്മയും പ്രചരണമാക്കി എല്‍ഡിഎഫ് പ്രചാരണം ആത്മവിശ്വാസത്തോടെ മുന്നേറുന്നതിനിടയിലായിരുന്നു ഒ രാജഗോപാലിന്റെ സ്ഥാനാര്‍ത്ഥിത്വം. ഇതോടെ യൂഡിഎഫിനെ കടന്നാക്രമിച്ചു കൊണ്ടുള്ള പ്രചരണത്തില്‍ നിന്ന് സിപിഎമ്മിനും ഇടത് മുന്നണിയ്ക്കും പിന്‍വാങ്ങേണ്ടി വന്നു. കുടുംബയോഗങ്ങളും, വീട് കയറിയുള്ള വോട്ടഭ്യര്‍ത്ഥനയുമായി ചിട്ടയായ പ്രചരണമാണ് എല്‍ഡിഎഫ് നടത്തുന്നത്. മണ്ഡലത്തില്‍ വലിയ തോതില്‍ ഭരണവിരുദ്ധ തരംഗമുണ്ടെന്നാണ് ഇടത് കേന്ദ്രങ്ങളുടെ വിലയിരുത്തല്‍. സോഷ്യല്‍ മീഡിയവഴിയുള്ള പ്രചരണവും എല്‍ഡിഎഫ് സജീവമാക്കിയിട്ടുണ്ട്.
ബിജെപി പ്രചരണത്തില്‍ ശക്തമായതോടെ യുഡിഎഫിനേക്കാള്‍ ബിജെപിയെ പ്രതിരോധിക്കണം എന്ന അവസ്ഥയിലായി ഇടത് മുന്നണി. മുഖ്യശത്രു ആരെന്ന് നിശ്ചയിക്കാതെ പ്രചരണത്തില്‍ ഇതോടെ അണികളും കുഴങ്ങി. ഇരുമുന്നണികളുടെയും വോട്ടുകള്‍ രാജഗോപാല്‍ വാരുമെന്ന ട്രെന്‍ഡ് ഏറ്റവും കൂടുതല്‍ അലട്ടിയത് ഇടത് മുന്നണിയെ ആണ്. ഇതിനിടയില്‍ ബിജെപിയ്ക്ക് എസ്എന്‍ഡിപി വോട്ടുകള്‍ ലഭിക്കുമെന്ന നിലയായതോടെ എല്‍ഡിഎഫിന് ബിജെപിയായി പലവേദികളിലും മുഖ്യ ശത്രു. സംഘപരിവാറിനെതിരെ ആഞ്ഞടിച്ച് പിണറായി വിജയനും, കോടിയേരി ബാലകൃഷ്ണനും ദേശാഭിമാനിയില്‍ ലേഖനമെഴുതിയത് ഇതിന്റെ പശ്ചാത്തലത്തിലാണ്. ഇട് വോട്ടുകള്‍ ബിജെപിയിലേക്ക് പോകുന്നത് തടയാനായെന്നാണ് ഇടത് കേന്ദ്രങ്ങള്‍ പുലര്‍ത്തുന്ന ആത്മവിശ്വാസം.
സഹതാപത്തിലും, വോട്ട് ഭിന്നിപ്പിലും പ്രതീക്ഷ അര്‍പ്പിച്ച് യുഡിഎഫ്
യുഡിഎഫാകട്ടെ അഴിമതിയും, വികസന വിരുദ്ധതയും ഉന്നയിച്ച് എല്‍ഡിഎഫും, ബിജെപിയും നടത്തുന്ന ആക്രമണങ്ങളെ ഒരു പോലെ ചെറുക്കേണ്ട അവസ്ഥയിലായി. ശബരിനാഥ് സ്ഥാനാര്‍ത്ഥിയായ സാഹചര്യം വിശദീകരിച്ച് തുടങ്ങിയ യുഡിഎഫ് ബിജെപിയെ കാര്യാമായി കടന്നാക്രമിക്കാത്തത് ഇടത് കേന്ദ്രങ്ങളില്‍ നിന്ന് ബിജെപി കാര്യമായ വോട്ടു ചോര്‍ത്തുന്നത് ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ്. എന്നാല്‍ നായര്‍ വോട്ടുകളിലും, യുവ വോട്ടര്‍മാരിലും ബിജെപി സ്വാധീനം ഉറപ്പിക്കുന്നത് യുഡിഎഫ് കേന്ദ്രങ്ങളെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. ഫെനി ബാലകൃഷ്ണന്റെതെന്ന് പറയുന്ന സോളാര്‍ കേസിലെ വെളിപ്പെടുത്തലുകള്‍ റി്‌പ്പോര്‍ട്ടര്‍ ചാനല്‍ പുറത്ത് വിട്ടതും യൂഡിഎഫിനെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. അതേസമയം ജി കാര്‍ത്തികേയന്റെ ഓര്‍മ്മകള്‍ വോട്ടായി മാറുമെന്ന തികഞ്ഞ ആത്മവിശ്വാസം യുഡിഎഫിനുണ്ട്.
അടിയൊഴുക്കുകളില്‍ അട്ടിമറി വിജയം പ്രതീക്ഷിച്ച് ബിജെപി
ഒ രാജഗോപാല്‍ എന്ന ഏറ്റവും മികച്ച സ്ഥാനാര്‍ത്തിയെ രംഗത്തെത്തിയതിലൂടെ നേടിയ മേല്‍കൈ വിജയമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് ബിജെപി. കേന്ദ്ര-സംസ്ഥാന നേതാക്കള്‍ മണ്ഡലത്തില്‍ തമ്പടിച്ച് നടത്തുന്ന പ്രചരണം ഇത്തവണ മാറ്റം കൊണ്ടുവരും എന്ന പ്രതീക്ഷയിലാണ് ബിജെപി. ഇരുമുന്നണികളും പരസ്പരം ആരോപണം ഉന്നയിച്ച് പോര് കൊഴുപ്പിക്കുമ്പോള്‍ താഴെ തട്ടില്‍ വോട്ടര്‍മാരുടെ മനസ്സറിഞ്ഞുള്ള പ്രചരണമാണ് ബിജെപി നടത്തുന്നത്. കേന്ദ്രസര്‍ക്കാരും പ്രത്യേകിച്ച് നരേന്ദ്രമോദിയും കൊണ്ടു വരുന്ന വികസനവും, സമീപനവും വോട്ടര്‍മാരില്‍ എത്തിക്കുകയാണ് ബിജെപി. സിപിഎമ്മിനെതിരെ സിപിഎം കേന്ദ്രങ്ങളിലും, യുഡിഎഫിനെതിരെ യൂഡിഎഫ് കേന്ദ്രങ്ങളും ശക്തമായ പ്രചരണം അഴിച്ചു വിടുന്ന പ്രചരണ കര്‍മ്മ പദ്ധതിയാണ് ബിജെപി തയ്യാറാക്കിയിരിക്കുന്നത്. കേന്ദ്രനേതാക്കളെ മണ്ഡലത്തില്‍ എത്തിക്കുന്നത് ഇതിന്റെ ഭാഗമായാണ്. വി മുരളീധരന്‍, കെ സുരേന്ദ്രന്‍ തുടങ്ങി നേതാക്കളെല്ലാം മണ്ഡലത്തില്‍ സജീവമാണ്. പ്രചരണത്തിനിടയില്‍ വീണ് കിട്ടിയ യോഗാദിനാചരണവും ബിജെപി സമര്‍ത്ഥമായി ഉപയോഗിച്ചു. മാറ്റം വോട്ടര്‍മാരില്‍ പ്രകടമാകുമെന്നും, രാഷ്ട്രീയത്തിനതീതമായ ഇത്തവണ യുവവോട്ടര്‍മാര്‍ ബിജെപിയെ പിന്തുണയ്ക്കുമെന്നും ആണ് ബിജെപി കേന്ദ്രങ്ങള്‍ പങ്കുവെക്കുന്ന പ്രതീക്ഷ. ഇരു മുന്നണികളും പ്രതീക്ഷിയ്ക്കാത്ത അടിയൊഴുക്കുകള്‍ അരുവിക്കരയില്‍ ഇത്തവണ ഉണ്ടാകുമെന്നും ബിജെപി നേതൃത്വം പറയുന്നു.
സിനിമാ താരങ്ങളെ ഇറക്കിയും, ആരോപണ പ്രത്യോരപണം ഉന്നയിച്ചും മൂന്ന് സ്ഥാനാര്‍ത്ഥികളും ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇത്തവണ അരുവിക്കരയില്‍. ഇനിയുള്ള ദിവസങ്ങളില്‍ നടക്കുന്ന പ്രചരണത്തില്‍ ഇത് നിഴലിക്കും.
Discussion about this post