പാക്കിസ്ഥാനില്‍ സ്ഥിതി ചെയ്തിരുന്ന ഭീകരവാദ ക്യാമ്പുകളുടെ നേരെ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന് തെളിവ് ചോദിക്കുന്ന കോണ്‍ഗ്രസിന് രാജ്യത്തെ ജനങ്ങള്‍ തക്ക മറുപടി നല്‍കുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ അഭിപ്രായപ്പെട്ടു. വ്യോമാക്രമണത്തില്‍ ഇന്ത്യന്‍ വ്യോമസേന ലക്ഷ്യത്തിലെത്തിയെന്ന് ഒരു വ്യോമസേനാ ഉദ്യോഗസ്ഥന് തന്നെ വെളിപ്പെടുത്തിയപ്പോള്‍ തെളിവ് ചോദിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ലജ്ജയില്ലെയെന്നും അദ്ദേഹം ചോദിച്ചു. മധ്യപ്രദേശില്‍ വ്യാഴാഴ്ച ഒരു പൊതു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യോമാക്രമണത്തിന് തെളിവ് ചോദിക്കുന്നതിലൂടെ രാഹുല്‍ രാജ്യത്ത് വീരമൃത്യു വരിച്ച ആയിരങ്ങളെ അധിക്ഷേപിക്കുകയാണെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു.
മധ്യപ്രദേശിലെ കമല്‍ നാഥ് സര്‍ക്കാര്‍ ഇതുവരെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിയിട്ടില്ലെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. കടങ്ങള്‍ എഴുതിത്തള്ളുമെന്ന് കമല്‍ നാഥ് പറഞ്ഞത് കണ്ണില്‍ പൊടിയിടലാണെന്നും അദ്ദേഹം പറഞ്ഞു. വിളകള്‍ തിരിച്ചറിയാന്‍ കഴിയാത്ത രാഹുലാണ് കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നതിനെക്കുറിച്ച് സംസാരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ ജനങ്ങള്‍ ബി.ജെ.പിക്കൊപ്പമാണെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ അവര്‍ ബി.ജെ.പിയെ ഒന്നുകൂടി തിരഞ്ഞെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post