അടിയന്തരാവസ്ഥയുടെ ഫലമായി സാങ്കേതിക ഭാഷയിലുണ്ടായ രണ്ടു മുറിപ്പാടുകളാണ് മതേതരത്വവും സ്ഥിതിസമത്വവാദവുമെന്ന് ആര്‍എസ്എസ്. ഇവ രണ്ടും രാഷ്ട്രീയ ദുര്‍വ്യയം നടക്കുന്നതിന് വഴിവച്ചു എന്നും അതിനാല്‍ ഇതിന് ചികിത്സ ആവശ്യമാണെന്നും ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറിലെ ലേഖനത്തില്‍ പറയുന്നു.
ഈ രണ്ടു വാക്കുകളുമാണ് ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തെ വിടാതെ പിന്‍തുടരുന്നത്. അതിനാല്‍ ഇതിനു പരിഹാരം കാണേണ്ടത് അനിവാര്യമാണ്. ഇവയ്ക്കു പുറമേ അഴിമതിയും കുറ്റകൃത്യങ്ങളും വ്യവസ്ഥാപിതമായതും അടിയന്തരാവസ്ഥയുടെ ഫലമായാണെന്ന് മുഖപത്രം കുറ്റപ്പെടുത്തുന്നു. പൗര സ്വാതന്ത്ര്യത്തെ സംരക്ഷിക്കുന്നതോടൊപ്പം ജനാധിപത്യത്തിനു എതിരായ ഇത്തരം പ്രശ്‌നങ്ങളിലും ശ്രദ്ധചെലുത്തണം. ഇവ ദൂരീകരിക്കാന്‍ ആശയപരമായും മനശ്ശാസ്ത്രപരമായും ഭരണഘടനാപരമായുമുള്ള നീക്കങ്ങള്‍ ആവശ്യമാണ്.
മതേതരത്വം സ്ഥിതിസമത്വവാദം എന്നീ വാക്കുകള്‍ ജാതീയതയും ജാതിയുടെ അടിസ്ഥാനത്തിലുള്ള പ്രാദേശിക വാദവും വളര്‍ത്തിയെന്ന് ലേഖനം ആരോപിക്കുന്നു. ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ ഒന്നിക്കാന്‍ തീരുമാനിച്ച ജനതാ പരിവാറിനെയാണ് ലേഖനത്തിലൂടെ സംഘടന ലക്ഷ്യം വയ്ക്കുന്നത്. ജാതിക്കു പുറമേ സാമൂഹ്യ നീതി എന്ന പേരിലും രാഷ്ട്രീയ നേതാക്കള്‍ മുതലെടുപ്പ് നടത്തുന്നു. സാഹോദര്യം വളര്‍ത്തുന്നതിനു പകരം വിഭാഗീയപരമായ ജനതാ പരിവാര്‍ പരീക്ഷണങ്ങള്‍ വോട്ട് ബാങ്ക് രാഷ്ട്രീയത്തില്‍ സാമൂഹ്യ വിരോധം കലര്‍ത്തുന്നു എന്നും ലേഖനം കുറ്റപ്പെടുത്തുന്നു.
ഇപ്പോള്‍ ഇന്ത്യന്‍ ജനാധിപത്യ സംവിധാനം ദിനംപ്രതി പക്വത കൈവരിച്ചുകൊണ്ടിരിക്കുകയാണ്. പൗരസ്വാതന്ത്ര്യത്തിന് 1975ലേതിനേക്കാള്‍ കൂടുതല്‍ സംരക്ഷണം ഇന്ന് ലഭിക്കുന്നുണ്ട്. 42ാം ഭേദഗതി അനുസരിച്ച് മതേതരം സ്ഥിതിസമത്വവാദം എന്നീ വാക്കുകള്‍ ഭരണഘടനയുടെ ഉപക്രമത്തില്‍ ഉള്‍പ്പെടുത്തിയത് ജനാധിപത്യം ആവശ്യപ്പെട്ടതനുസരിച്ചല്ല. ഈ രണ്ടു വാക്കുകള്‍ക്കും പല വ്യാഖ്യാനങ്ങളുണ്ട് എന്നും ലേഖനം പറയുന്നു.
മതേതരം എന്ന വാക്ക് ഉള്‍പ്പെടുത്തിയതോടെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വര്‍ഗീയത വളരുകയാണുണ്ടായത്. സ്ഥിതിസമത്വവാദത്തിന്റെ കാര്യത്തിലാകട്ടെ പദം ഉള്‍പ്പെടുത്തി പത്തുവര്‍ഷത്തിനുള്ളില്‍ രാജ്യം ആ ആശയത്തില്‍ നിന്നു തന്നെ അകന്നുപോകുകയാണ് ഉണ്ടായതെന്നും ലേഖനത്തില്‍ പറയുന്നുണ്ട്.
Discussion about this post