പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട രത്ന വ്യാപാരി നീരവ് മോദിയെ തിരികെ കിട്ടാനുള്ള ഇന്ത്യയുടെ അപേക്ഷ യു.കെ കോടതിക്ക് നല്കി. യു.കെയുടെ ആഭ്യന്തര സെക്രട്ടറി സജിദ് ജാവിദാണ് ഇന്ത്യയുടെ അപേക്ഷ ലണ്ടനിലുള്ള ഒരു കോടതിക്ക് നല്‍കിയത്.
നിലവില്‍ ലണ്ടനിലാണ് നീരവ് മോദി താമസിക്കുന്നത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും (ഇ.ഡി) സി.ബി.ഐയുടെയും ഉദ്യോഗസ്ഥരുടെ ഒരു സംഘം ലണ്ടനിലേക്ക് പോകുന്നതായിരിക്കും. കോടതിയിലെ അഭിഭാഷകരോട് കേസിനെപ്പറ്റി അറിയിക്കാനും നീരവ് മോദിക്കെതിരെയുള്ള തെളിവുകള്‍ നല്‍കാനും വേണ്ടിയാണിത്.
നീരവ് മോദി ലണ്ടനില്‍ ഒരു ആഡംബര ഫ്ളാറ്റില്‍ താമസിക്കുന്നുവെന്ന് ടെലഗ്രാഫ് പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രതിമാസം 17,000 പൗണ്ട് വാടക വരുന്ന ഫ്ളാറ്റില്‍ താമസിക്കുന്ന നീരവ് മോദി ലണ്ടനില്‍ തന്നെ രത്ന വ്യാപാരം തുടങ്ങിയെന്നും പറയപ്പെടുന്നു.
Discussion about this post