പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും വായ്പാ തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട വ്യവസായി നീരവ് മോദിക്ക് മേലുള്ള കുരുക്ക് മുറുകുന്നു. യു.കെയിലെ ലണ്ടനില്‍ താമസിക്കുന്ന നീരവിനെ യു.കെയില്‍ നിന്നും കടന്ന് കളയാന്‍ അനുവദിക്കരുതെന്ന് ഇന്ത്യ ഇന്റര്‍പോളിനോട് ആവശ്യപ്പെട്ടു. നീരവ് മോദിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ഇന്റര്‍പോളിനോട് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.
നിലവില്‍ നീരവ് മോദിക്കെതിരെ ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസ് നിലനില്‍ക്കുന്നുണ്ട്. യു.കെയില്‍ നിന്നും നീരവ് മോദി മറ്റേതെങ്കിലും രാജ്യത്തേക്ക് കടക്കാന്‍ സാധ്യതയുണ്ട്. ഫ്രാന്‍സ്, ഹോങ്കോംഗ്, യു.എസ്, ബെല്‍ജിയം എന്നീ രാജ്യങ്ങളിലേക്ക് നീരവ് മോദി യാത്ര ചെയ്യാറുണ്ടെന്ന് വിവരങ്ങള്‍ ലഭ്യമാണ്. ഇന്ത്യയിലും, യു.എസിലും, യു.കെയിലും തനിക്കെതിരെയുള്ള നിയമനടപടികളെപ്പറ്റി അഭിഭാഷകരോട് നീരവ് മോദി സംസാരിക്കാറുമുണ്ട്.
നീരവ് മോദിയെ അറസ്റ്റ് ചെയ്യാനുള്ള തെളിവുകള്‍ ഇപ്പോഴുണ്ടെന്ന് ഒരു ഇന്ത്യന്‍ ഉദ്യോഗസ്ഥന് അറിയിച്ചു. നീരവ് മോദിയുടെ ഇന്ത്യന്‍ പാസ്പോര്‍ട്ട് ഇതിനോടകം റദ്ദാക്കിയിട്ടുണ്ട്.
നീരവ് മോദിയെ അറസ്റ്റ് ചെയ്താല്‍ ഉടന്‍ തന്നെ എന്‍ഫോഴ്സ്മെന്റിന്റെയും സി.ബി.ഐയുടെയും ഒരു സംഘം ഉദ്യോഗസ്ഥര്‍ ലണ്ടനിലേക്ക് പോകുന്നതായിരിക്കും.
Discussion about this post