അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതിനുള്ള തടസ്സം നീക്കുന്നതും അതിനുള്ള നടപടികൾ വേഗത്തിലാക്കുന്നതാകണം സുപ്രീംകോടതിവിധിയെന്ന് ആർ.എസ്.എസ്. ആവശ്യപ്പെട്ടു. അയോധ്യ ഭൂമിതർക്കക്കേസ് മധ്യസ്ഥചർച്ചയ്ക്ക് വിടാനുള്ള സുപ്രീംകോടതി തീരുമാനത്തോടുള്ള പ്രതികരണമായാണ് ആർ.എസ്.എസിന്റെ പ്രസ്താവന.
“മധ്യസ്ഥരെ നിയമിക്കാനുള്ള സുപ്രീംകോടതിയുടെ ഉത്തരവിനെ ബഹുമാനിക്കുന്നു. എന്നാൽ, ഹിന്ദുക്കൾ സ്ഥിരമായി അവഗണിക്കപ്പെടുകയാണ്. ദീർഘകാലമായുള്ള ഈ കേസിൽ കോടതിനടപടികൾ വേഗത്തിലാക്കുന്നതിനുപകരം ആശ്ചര്യപ്പെടുത്തുന്ന നടപടിയാണ് സുപ്രീംകോടതി സ്വീകരിച്ചത്. ഹിന്ദുക്കളുടെ വിശ്വാസവുമായി ബന്ധപ്പെട്ട ആ വൈകാരികവിഷയത്തിന് വേണ്ട മുൻഗണന നൽകാത്ത സുപ്രീംകോടതിയുടെ നടപടി മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ട്” -ആർ.എസ്.എസ്. പ്രസ്താവനയിൽ പറഞ്ഞു.
അയോധ്യ വിഷയത്തിൽ മുൻ ജഡ്ജി ജസ്റ്റിസ് ഫക്കീർ മുഹമ്മദ് ഇബ്രാഹിം കലീഫുള്ള, ശ്രീ ശ്രീ രവിശങ്കർ, മദ്രാസ് ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ ശ്രീരാം പഞ്ചു എന്നിവരടങ്ങുന്ന മൂന്നംഗ മധ്യസ്ഥസമിതിക്ക് സുപ്രീംകോടതി നിയമിച്ചിരുന്നു. ഉത്തർപ്രദേശിലെ ഫൈസാബാദിൽ നടക്കുന്ന മധ്യസ്ഥചർച്ചകൾക്ക് സംസ്ഥാനസർക്കാരാണ് സൗകര്യങ്ങളൊരുക്കുന്നത്.
Discussion about this post