പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ തെലങ്കാനയിലെ കോണ്‍ഗ്രസ് നേതാവ് വിജയശാന്തി നടത്തിയ പരാമര്‍ശം വിവാദത്തിലേക്ക് നീങ്ങുകയാണ്. ബോംബ് ആക്രമണം മോദി എപ്പോള്‍ നടത്തുമെന്ന ഭീതിയിലാണ് ജനങ്ങളെന്ന പരാമര്‍ശമാണ് വിമര്‍ശത്തിന് ഇടയാക്കിയത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ സാന്നിധ്യത്തിലായിരുന്നു വിവാദ പരാമര്‍ശം.
ഇതിനെതിരെ ബിജെപിയും രേണുക ചൗധരി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തി. മോദി ഏത് നിമിഷവും നോട്ട് അസാധുവാക്കല്‍ പോലെയുള്ള ബോംബ് ആക്രമണം നടത്തിയേക്കുമെന്ന ഭീതിയിലാണ് എല്ലാവരുമെന്നും ജനങ്ങളെ സ്നേഹിക്കുന്നതിന് പകരം അവരെ ഭയപ്പെടുത്തുകയാണ് മോദി ചെയ്യുന്നതെന്നും ഒരു പ്രധാനമന്ത്രി പെരുമാറേണ്ടത് ഇങ്ങനെയല്ലെന്നും ഷംഷാബാദില്‍ നടന്ന റാലിയില്‍ സംസാരിക്കവെ വിജയശാന്തി പറഞ്ഞു. പ്രധാനമന്ത്രി മോദി ഏകാധിപതിയെപ്പോലെ പെരുമാറിയെന്നും ജനാധിപത്യത്തെ അദ്ദേഹം കശാപ്പുചെയ്തത് ജനരോഷത്തിന് ഇടയാക്കിയെന്നും വിജയശാന്തി വിമര്‍ശിച്ചു.വിജയശാന്തിയുടെ പ്രസ്താവനയെ വിമര്‍ശിച്ച് ബിജെപി നേതൃത്വം ട്വിറ്ററിലൂടെ രംഗത്തെത്തി. പാകിസ്താനിലെ ഭീകരരുടെ ആശങ്കകളും വേദനയുമാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ഉയര്‍ത്തിക്കാട്ടുന്നതെന്ന് ബിജെപി ട്വിറ്ററിലൂടെ വിമര്‍ശിച്ചു.
വിവാദ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് രേണുക ചൗധരിയും രംഗത്തെത്തി.വിജയശാന്തി പറഞ്ഞത് താന്‍ കേട്ടിട്ടില്ലെന്നും എന്നാല്‍ സംഭവം സത്യമാണെങ്കില്‍ പറഞ്ഞത് ശരിയല്ലെന്നും രാജ്യത്തിന്റെ പ്രധാനമന്ത്രിക്കെതിരെ ഇത്തരം ഭാഷകള്‍ പ്രയോഗിക്കുന്നതും ശരിയല്ലെന്നും രേണുക ചൌധരി പറഞ്ഞു
Discussion about this post