2109 ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തീയ്യതികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പ്രഖ്യാപിച്ചു. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അരോറയാണ് പ്രഖ്യാപനം നടത്തിയത്. ഇതോടെ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരികയും ചെയ്തു. തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം ഏപ്രില്‍ 11നായിരിക്കും. രണ്ടാം ഘട്ടം – ഏപ്രില്‍ 18, മൂന്നാം ഘട്ടം – ഏപ്രില്‍ 23, നാലാം ഘട്ടം – ഏപ്രില്‍ 29, അഞ്ചാം ഘട്ടം – മേയ് 6, ആറാം ഘട്ടം – മേയ് 12, ഏഴാം ഘട്ടം – മേയ് 12 എന്നിങ്ങനെയാണ് നിശ്ചയിച്ചിരിക്കുന്നത്. തുടര്‍ന്ന് വോട്ടെണ്ണല്‍ മെയ് 23നായിരിക്കും.
കേരളത്തില്‍ മൂന്നാം ഘട്ടത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുക. ഏപ്രില്‍ 23ന് കേരളത്തിലെ 20 ലോക്സഭാ സീറ്റുകളിലേക്കും തിരഞ്ഞെടുപ്പ് നടക്കും.
ആദ്യ ഘട്ടത്തില്‍ 20 സംസ്ഥാനങ്ങളിലെ 91 മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കും. രണ്ടാം ഘട്ടത്തില്‍ 13 സംസ്ഥാനങ്ങളിലെ 97 മണ്ഡലങ്ങളിലും, മൂന്നാം ഘട്ടത്തില്‍ 14 സംസ്ഥാനങ്ങളിലെ 115 മണ്ഡലങ്ങളിലും, നാലാം ഘട്ടത്തില്‍ 9 സംസ്ഥാനങ്ങളിലെ 71 മണ്ഡലങ്ങളിലും, അഞ്ചാം ഘട്ടത്തില്‍ 7 സംസ്ഥാനങ്ങളിലെ 51 മണ്ഡലങ്ങളിലും, ആറാം ഘട്ടത്തില്‍ 7 സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളിലും, ഏഴാം ഘട്ടത്തില്‍ 8 സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് നടക്കുന്നതായിരിക്കും.
ജമ്മു കശ്മീരില്‍ നിലവില്‍ ലോക്സഭാ തിരഞ്ഞെടുപ്പ് മാത്രമായിരിക്കും നടക്കുകായെന്നും നിയമസഭ തിരഞ്ഞെടുപ്പ് ഇപ്പോള്‍ നടക്കില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കി.
വിവിധ സംസ്ഥാനങ്ങളിലെ ആഘോഷങ്ങളും, ബോര്‍ഡ് പരീക്ഷകളും കണക്കിലെടുത്താണ് തിരഞ്ഞെടുപ്പ് തീയ്യതി തീരുമാനിച്ചതെന്ന് സുനില്‍ അരോറ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചരണത്തിനായി രാത്രി 10 മണി മുതല്‍ രാവിലെ 6 മണി വരെ ഉച്ചഭാഷിണിക്ക് വിലക്കുണ്ട്. കൂടാതെ തിരഞ്ഞെടുപ്പ് തീയ്യതിയുടെ 48 മണിക്കൂര്‍ മുന്‍പ് മുതലും ഉച്ചഭാഷിണിക്ക് വിലക്കുണ്ട്.
രാജ്യത്ത് 10 ലക്ഷം പോളിങ് ബൂത്തുകളുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ചൂണ്ടിക്കാട്ടി. വോട്ടിങ് യന്ത്രത്തില്‍ സ്ഥാനാര്‍ത്ഥികളുടെ ചിത്രവുമുണ്ടായിരിക്കും. വോട്ട് ചെയ്യാന്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാണ്.
ക്രിമിനല്‍ കേസുള്ള സ്ഥാനാര്‍ത്ഥികള്‍ കേസിന്റെ വിവരങ്ങള്‍ പത്രപരസ്യം നല്കി കമ്മീഷനെ അറിയിക്കേണ്ടതാണ്.
Discussion about this post