വായ്പാ കുടിശ്ശികയുടെ കാരണത്താല്‍ ജപ്തി നടപടി നേരിടേണ്ടി വന്ന എറണാകുളം സ്വദേശി പ്രീതാ ഷാജി എറണാകുളം ജില്ലാ ആശുപത്രിയിലെ പാലിയേറ്റീവ് കെയറില്‍ 100 മണിക്കൂര്‍ സേവനം ചെയ്യണമെന്നു ഹൈക്കോടതി . വീടും പുരയിടവും ലേലത്തില്‍ പിടിച്ചയാള്‍ക്ക് ഒഴിഞ്ഞു കൊടുക്കാനുള്ള ഹൈക്കോടതിയുടെ മുന്‍ ഉത്തരവ് പാലിക്കാതിരുന്നതിന്റെ പേരിലാണ് നടപടി .
പ്രീത ഷാജിയും ഭര്‍ത്താവും കോടതിയലക്ഷ്യകേസില്‍ നിര്‍ബന്ധിത സാമൂഹ്യസേവനം നടത്തണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു . ഇത്തരം തെറ്റുകള്‍ പൊറുത്തു നല്‍കുന്നത് സമൂഹത്തില്‍ തെറ്റായ സന്ദേശം നല്‍കുമെന്ന് കോടതി വിലയിരുത്തി . ഏത് തരത്തിലുള്ള സേവനമാണ് ഇവര്‍ ചെയ്യേണ്ടതെന്ന് അറിയിക്കാന്‍ ജില്ലാ കളക്ടറോട് ഹൈക്കോടതി ആവശ്യപ്പെടുകയായിരുന്നു . ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ ആശുപത്രിയിലെ പാലിയേറ്റീവ് കെയറില്‍ 100 മണിക്കൂര്‍ സേവനം ചെയ്യാനുള്ള കോടതി ഉത്തരവ് .
ലേലത്തില്‍ പിടിച്ച വീടും പറമ്പും ഒഴിയാനുള്ള ഉത്തരവ് പ്രീത ഷാജിയും കുടുംബവും പാലിച്ചില്ല എന്ന ആരോപണം ഉന്നയിച്ച് എം.എന്‍ രതീഷ് നല്കിയ കോടതിയലക്ഷ്യ ഹര്‍ജിയാണ് കോടതി പരിഗണിച്ചത് . ഇവര്‍ വിധി നടപ്പാക്കുന്നത് തടഞ്ഞുവെന്നും പ്രതിഷേധം സംഘടിപ്പിച്ച് പോലീസിനെയും ഉദ്യോഗസ്ഥരെയും ഭീക്ഷണിപ്പെടുത്തി എന്നതടക്കം ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയിരുന്നത് .
Discussion about this post