രാത്രിയില്‍ വീട്ടിലെത്തിയ ഭീകരരെ ധീരതയോടെ നേരിട്ട ജമ്മുകശ്മീര്‍ ബാലന് ശൗര്യചക്ര സമ്മാനിച്ച് രാജ്യത്തിന്റെ ആദരം.ഷാപ്പിയാന്‍ സ്വദേശി ഇര്‍ഫാന്‍ റംസാന്‍ ഷെയ്ക്ക് എന്ന പതിനാറുകാരനാണ് ശൗര്യ ചക്ര ഏറ്റു വാങ്ങിയത്.
ചൊവ്വാഴ്ച രാഷ്ട്രപതിഭവനില്‍ നടന്ന ചടങ്ങില്‍ രണ്ടു കീര്‍ത്തിചക്ര, 15 ശൗര്യചക്ര, 13 പരമവിശിഷ്ടസേവാ മെഡല്‍, രണ്ട് ഉത്തംയുദ്ധ് സേവാ മെഡല്‍, 26 അതിവിശിഷ്ടസേവാ മെഡല്‍ എന്നിവ രാഷ്ട്രപതി രാംനാഥ് കോവിന്ദ് വിതരണം ചെയ്തു. ഇത്തവണ കീര്‍ത്തിചക്ര, രണ്ടു ശൗര്യചക്ര എന്നിവ മരണാനന്തര ബഹുമതിയാണ്.
സാധാരണക്കാര്‍ക്ക് അപൂര്‍വമായാണ് ശൗര്യചക്ര നല്‍കാറ്. 2017 ഒക്ടോബര്‍ 16-ന് രാത്രി വീട്ടില്‍ അതിക്രമിച്ചുകടന്ന ഭീകരരെ എതിരിടാന്‍ കാട്ടിയ അസാമാന്യ ധീരതയ്ക്കാണ് ഇര്‍ഫാന് അംഗീകാരം. ശബ്ദംകേട്ട് വാതില്‍ തുറന്ന ഇര്‍ഫാന്‍ കണ്ടത്, ആയുധധാരികളായ മൂന്നു ഭീകരരെ. ഇര്‍ഫാന്റെ പിതാവും പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി(പി.ഡി.പി.)യുടെ കീഴില്‍ ഗ്രാമമുഖ്യനുമായ മുഹമ്മദ് റംസാനെ തേടിയാണ് അവരെത്തിയത്.
ഇതിനിടെ പുറത്തേക്കുവന്ന പിതാവിനെ ഭീകരര്‍ മര്‍ദിച്ചു. വീട്ടുകാരുടെ ജീവന്‍ അപകടത്തിലാവുമെന്ന് തിരിച്ചറിഞ്ഞ ഇര്‍ഫാന്‍ അവരെ കടന്നാക്രമിച്ചു. പ്രകോപിതരായി ഭീകരര്‍ നടത്തിയ വെടിവെപ്പില്‍ പിതാവിന് ഗുരുതരമായി പരിക്കേറ്റു. എന്നിട്ടും ധൈര്യം കൈവിടാതെ ഇര്‍ഫാന്‍ പോരാട്ടം തുടര്‍ന്നു. ഇതിനിടെ, ഭീകരരില്‍ ഒരാള്‍ക്ക് വെടിയേറ്റു. ഇതുകണ്ട് മറ്റു രണ്ടുപേര്‍ അയാളെ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.ഇര്‍ഫാന്റെ പിതാവ് പിന്നീട് ചികിത്സയിലിരിക്കെ മരിച്ചു.
ചെറുപ്രായത്തില്‍തന്നെ അസാമാന്യധീരതയും പക്വതയുമാണ് ഇര്‍ഫാന്‍ റംസാന്‍ ഷെയ്ക്ക് പ്രകടിപ്പിച്ചതെന്ന് മെഡലിനൊപ്പമുള്ള ഫലകത്തില്‍ പറയുന്നു. ഐ.പി.എസ്. ഓഫീസറാകണമെന്നാണ് ഇപ്പോള്‍ പത്താംക്ലാസുകാരനായ ഇര്‍ഫാന്റെ ആഗ്രഹം
Discussion about this post