മയക്കുമരുന്നുപയോഗം യുവതലമുറയെ നശിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയുള്ള കത്ത് സ്വമേധയാ ഹര്‍ജിയാക്കി ഹൈക്കോടതി. ഹര്‍ജിയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, സംസ്ഥാന പോലീസ് മേധാവി, എക്സൈസ് കമ്മിഷണര്‍, ഹെല്‍ത്ത് സര്‍വീസസ് ഡയറക്ടര്‍, ഡ്രഗ്സ് കണ്ട്രോളര്, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനുകീഴിലെ നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ എന്നിവരെ എതിര്‍കക്ഷിയായി ചേര്‍ക്കാനാണ് നിര്‍ദേശം. ജസ്റ്റിസ് പി.ആര്. രാമചന്ദ്രമേനോന്റേതാണ് നടപടി.
കത്ത് പൊതുതാത്പര്യ ഹര്‍ജിയാക്കി മാര്‍ച്ച് 25-ന് ഉചിതമായ ബെഞ്ചില്‍ ലിസ്റ്റുചെയ്യാന്‍ രജിസ്ട്രിയോട് ആവശ്യപ്പെട്ടുകൊണ്ടാണിത്. കോട്ടയം ജില്ലാ മുന്‍ പോലീസ് മേധാവി എന്‍. രാമചന്ദ്രന് അയച്ച കത്തിനൊപ്പം വിവിധ പത്രങ്ങളുടെ മുഖപ്രസംഗവും വാര്‍ത്തകളും ഹര്‍ജിയില്‍ ചേര്‍ത്തിട്ടുണ്ട്.
ഇക്കാര്യത്തില്‍ പ്രശ്നപരിഹാരത്തിനുള്ള മാധ്യമങ്ങളുടെ ശ്രമം അഭിനന്ദനീയമാണ്. മയക്കുമരുന്നുപയോഗം കണ്ടെത്താനുള്ള ആബണ്‍ കിറ്റ് പോലീസിനും എക്സൈസിനും ലഭ്യമാക്കാന്‍ നിര്‍ദേശിക്കാന്‍ കോടതി ഇടപെടണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു.
കോടതി നിര്‍ദേശങ്ങള്‍
* ഉമിനീര്, മൂത്രം, വിയര്‍പ്പ്, മുടി, വിരലടയാളം എന്നിവയുടെ പരിശോധനയിലൂടെ മയക്കുമരുന്നുപയോഗം കണ്ടെത്താം. ഇതിന് ഉപയോഗിക്കാന്‍ എളുപ്പമുള്ള, ചെലവുകുറഞ്ഞ മാര്‍ഗം സ്വീകരിക്കാം.
* പരിശോധനയ്ക്കുള്ള ഉപകരണങ്ങള്‍ പോലീസിനും എക്സൈസിനും ലഭ്യമാക്കണം.
* മയക്കുമരുന്ന് കടത്തും ഉപയോഗവും തടയാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഫണ്ടും വിനിയോഗവും പരിശോധിക്കണം.
* നിലവിലെ സംവിധാനം കോടതിയുടെ മേല്‍നോട്ടത്തില്‍ പൂര്‍ണമായി അഴിച്ചുപണിയേണ്ടിവരും.
Discussion about this post