ഗുജറാത്ത് തലസ്ഥാനമായ ഗാന്ധിനഗറിൽ നിന്ന് മത്സരിക്കുന്ന ബി.ജെ.പി ദേശീയാധ്യക്ഷൻ അമിത് ഷാ ഇന്ന് നാമ നിർദേശ പത്രിക നൽകും. എൻ.ഡി.എയുടെയും പാർട്ടിയുടെയും മുതിർന്ന നേതാക്കൾക്കൊപ്പമായിരിക്കും പത്രിക സമർപ്പിക്കാൻ അമിത് ഷാ എത്തുക. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുമ്പ് അഹമ്മദാബാദിൽ റോഡ്ഷോയും പൊതു യോഗവും സംഘടിപ്പിക്കും.
രാജ്യസഭാ എം.പിയായ അമിത്ഷാ ആദ്യമായാണ് ലോക് സഭയിലേക്ക് മത്സരിക്കുന്നത്. മുതിർന്ന നേതാവ് എൽ.കെ അദ്വാനി ആറ് തവണ വിജയിച്ച സീറ്റിലാണ് അമിത്ഷാ മത്സരിക്കുന്നത്. പാർട്ടിയുടെ തീരുമാനത്തിൽ അദ്വാനി അസ്വസ്ഥനാണ്. അതിനാൽ തന്നെ അമിത് ഷായുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കൊന്നും അദ്വാനി പങ്കെടുക്കില്ല.
1991ൽ കോൺഗ്രസിൻെറ ജി.ഐ പട്ടേലിനെതിരെ ഒന്നേകാൽ ലക്ഷം വോട്ടുകളുടെ ഭുരിപക്ഷത്തിൽ ഇവിടെ ജയിച്ച് അങ്കം തുടങ്ങിയതാണ് അദ്വാനി. 2014ലെ തെരഞ്ഞെടുപ്പിൽ നാലുലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മണ്ഡലത്തിൽ നിന്ന് ജയിച്ചത്.
ഏപ്രിൽ നാലിനാണ് നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതി. ഗുജറാത്തിലെ 26 ലോക്സഭാ സീറ്റിലേക്കും ഏപ്രിൽ 23ന് തെരഞ്ഞെടുപ്പ് നടക്കും
Discussion about this post