ഇന്ത്യയില്‍ വഹാബി സ്വാധീനം സൃഷ്ടിക്കാനായി സൗദി അറേബ്യ ചെലവിട്ടത് 1,700 കോടി രൂപ. ഇന്റലിജന്‍സ് ബ്യൂറോയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.യാഥാസ്ഥിതിക സുന്നീ മുസ്ലീം വിഭാഗത്തിന്റെ വക്താക്കളാണ് വഹാബികള്‍ . 2011നും 2013നും ഇടയ്ക്കുള്ള കാലഘട്ടത്തില്‍ മത്രം 25,000ത്തോളം വഹാബികളാണ് മതപ്രചരണത്തിനായി ഇന്ത്യയിലെത്തിയത്. ഇവര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സെമിനാറുകള്‍ നടത്തിയതായും ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഇന്ത്യയിലെ ഷിയാ മുസ്ലീങ്ങള്‍ സുന്നി വിഭാഗത്തിന്റെ ആധിപത്യത്തിനു വെല്ലുവുളിയാകുമെന്ന തിരിച്ചറിവാണ് വഹാബി സ്വാധീനം ചെലുത്താന്‍ ശ്രമങ്ങള്‍ നടത്താന്‍ സൗദിയെ പ്രേരിപ്പിക്കുന്നത്. ഇന്ത്യയില്‍ ഷിയാ വിഭാഗക്കാരായ മുസ്ലീങ്ങള്‍ എണ്ണത്തില്‍ മുന്നിലാണ്. ഇത് ഇന്ത്യയില്‍ ഇറാന് പ്രാധാന്യം വര്‍ദ്ധിക്കാന്‍ കാരണമാകുമെന്നും സൗദി കണക്കുകൂട്ടുന്നു. എന്നാല്‍ ആക്രമപരമായ നീക്കങ്ങളിലൂടെ അല്ല വഹാബികളുടെ പ്രചരണം നടക്കുന്നത് എന്നാണ് സൂചന. സുന്നി വിഭാഗക്കാരുടെ മനസ്സില്‍ മതത്തിന്റെ അടിസ്ഥാന ചിന്തകള്‍ വളര്‍ത്താന്‍ വഹാബി കേന്ദ്രങ്ങള്‍ സ്ഥാപിക്കുകയാണ് സൗദി ലക്ഷ്യമാക്കുന്നത്.
ബംഗലൂരുവിലെ ബൊമ്മനഹള്ളിയിലെ ഒരു മുസ്ലീംപള്ളിക്കു സമീപം നടന്ന ആക്രമണ സംഭവങ്ങള്‍ വഹാബി പ്രചരണങ്ങള്‍ നടത്താന്‍ ഒരു വിഭാഗം മുസ്ലീം യുവജനങ്ങള്‍ നടത്തിയ ശ്രമങ്ങളുടെ ഫലമായി ഉണ്ടായതാണ്. മഹാരാഷ്ട്രയിലെ ഒരു മുസ്ലീം പള്ളിയുടെ ഭരണം ഏറ്റെടുക്കാന്‍ വഹാബി പണ്ഡിതന്മാര് കൈക്കൂലി കൊടുത്ത സംഭവവും ഇന്റലിജന്‍സ് ബ്യൂറോയുടെ റിപ്പോര്‍ട്ടിനെ ശരിവയ്ക്കുന്നു.
ഇന്ത്യയില്‍ തങ്ങളുടേതായ വിദ്യാഭ്യാസ സമ്പ്രദായത്തിന് രൂപം നല്‍കുന്നതും വഹാബികളുടെ പദ്ധതിയിലുണ്ട്. 1,700 കോടിയില്‍ 800 കോടി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 4 സര്‍വ്വകലാശാലകള്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കാണ് ചിലവഴിക്കുന്നത്.
വഹാബി സ്വാധീനം ചെലുത്താനുള്ള സൗദിയുടെ ശ്രമങ്ങള്‍ ഏറ്റവുമധികം വിജയം കണ്ടത് കേരളത്തിലാണ് എന്നതാണ് മറ്റൊരു വിവരം. തൊഴിലിന്റെ കാര്യത്തില്‍ കേരളത്തിലെ വലിയൊരു വിഭാഗം സൗദിയെ ആശ്രയിക്കുന്നതാണ് ഇതിന് മുഖ്യകാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കേരളത്തിലെ 75 മുസ്ലീം പള്ളികളുടെ നിയന്ത്രണം ഇത്തരത്തില്‍ സൗദിയുടെ കൈകളിലായി. ഇതിനു പുറമേ കേരളത്തില്‍ പുതിയതായി പണികഴിപ്പിക്കപ്പെടുന്ന പള്ളികളില്‍ പലതും സൗദി മാതൃകയിലാണ് എന്നതും ഇതിനോട് ചേര്‍ത്തു വായിക്കേണ്ട ഒന്നാണ്. ഇന്ത്യയിലെ മറ്റു പ്രദേശങ്ങളേക്കാള്‍ കൂടുതല്‍ സൗദിയില്‍ നിന്നുള്ള ഫണ്ടുകള്‍ ഒഴുകുന്നത് കേരളത്തിലേക്കാണ് എന്നതാണ് മറ്റൊരു വസ്തുത.
Discussion about this post