വയനാട് പരാമര്‍ശത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്.
വയനാടിന്റെ ചരിത്രം അമിത് ഷായ്ക്ക് അറിയില്ലെന്നും സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്താലേ ചരിത്രം മനസിലാകൂ എന്നും പിണറായി വിജയന് പറഞ്ഞു. കല്‍പ്പറ്റയില്‍ എല്‍.ഡി.എഫ് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ സ്വീകരിക്കാന്‍ നടത്തിയ റാലി കണ്ടാല്‍, അത് ഇന്ത്യയാണോ പാകിസ്ഥാനാണോ എന്ന് സംശയം തോന്നുമെന്നായിരുന്നു അമിത് ഷായുടെ ബിജെപി റാലിയിലെ പരിഹാസം. ”വയനാട്ടില്‍ നടന്ന റാലി കണ്ടാല്‍ അത് നടക്കുന്നത് ഇന്ത്യയിലാണോ പാകിസ്ഥാനിലാണോ എന്ന് പറയാനാവില്ല. എന്തിനാണ് അത്തരമൊരു സ്ഥലത്ത് രാഹുല്‍ മത്സരിക്കുന്നത്? ഇന്ത്യ പാകിസ്ഥാനില്‍ വ്യോമാക്രമണം നടത്തിയപ്പോള്‍ രാജ്യം മുഴുവന്‍ സന്തോഷിച്ചെങ്കിലും പാകിസ്ഥാനും കോണ്‍ഗ്രസ് പാര്‍ട്ടിയും ദുഃഖത്തിലായി. കോണ്‍ഗ്രസിന്റെ സാം പിത്രോദ പാകിസ്ഥാനുവേണ്ടി വാദിക്കുന്നു. പുല്‍വാമയില്‍ ആക്രമണം നടത്തിയ ഭീകരരെ ന്യായീകരിക്കാനാവുമെന്ന് തോന്നുന്നുണ്ടോ?’ നാഗ്പൂരില്‍ ജനക്കൂട്ടത്തോട് അമിത് ഷാ ചോദിച്ചു.സമാനമായ വിമര്‍ശനം ബിജെപി നേതാക്കളും നടത്തിയിരുന്നു.
രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് ഇടതുപക്ഷത്തിന് ഭീഷണിയല്ലെന്നും പിണറായി പറഞ്ഞു. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.പി.സുനീറിനെ വിജയിപ്പിക്കാന്‍ വേണ്ടിയാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. രാഹുല്‍ ഗാന്ധിയെ തോല്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post