ചാലക്കുടി മണ്ഡലത്തില്‍ യുഡിഎഫ് ബെന്നി ബെഹനാനെതിരെ പരസ്യമായ പ്രതിഷേധവുമായി കിഴക്കമ്പലം പഞ്ചായത്തിലെ ഭരണകക്ഷിയായ ട്വന്റി-ട്വന്റി രംഗത്ത്. ബെന്നി ബെഹന്നാന്‍ പഞ്ചായത്തിലുള്ളവരെ അപമാനിച്ചുവെന്നാണ് ട്വന്റി-ട്വന്റിയുടെ ആരോപണം.ബെന്നി ബെഹന്നാന്റെ പോസ്റ്ററിലെ പ്രസ്താവനക്കെതിരെ ഏപ്രില്‍ 14ന് കിഴക്കമ്പലത്ത് പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് കാണിച്ച് സംഘടന പ്രചരണം ആരംഭിച്ചിട്ടുണ്ട്. വൈകിട്ട് നാലിന് അന്ന ജംഗ്ഷനില്‍ നിന്ന് പ്രതിഷേധ മാര്‍ച്ച് നടത്തുമെന്നാണ് ആഹ്വാനം.
ഇന്ത്യന്‍ പാര്‍ലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഏതെങ്കിലും മൂലയിലുള്ള ഒരു പഞ്ചായത്ത് വിചാരിച്ചാല്‍ ഒരു ചുക്കും നടക്കില്ല എന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പോസ്റ്ററിലെ വാചകം കിഴക്കമ്പലം പഞ്ചായത്ത് നിവാസികളെ അപമാനിക്കുന്നതാണെന്നാണ് സംഘടനയുടെ ആരോപണം.
പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എറണാകുളം ജില്ലയിലെ കിഴക്കമ്പലം പഞ്ചായത്തില്‍ 19 ല്‍ 17 വാര്‍ഡും നേടി വിജയിച്ച രാഷ്ട്രീയ കൂട്ടായ്മയാണ് ട്വന്റി-ട്വന്റി. ഇടത് മുന്നണിയ്‌ക്കെതിരായ നിലപാടിന്റെ പേരില്‍ രൂപീകരിക്കപ്പെട്ട സംഘടന നേരത്തെ തന്നെ ഇന്നസെന്റിനെതിരെ പരോക്ഷമായി രംഗത്തെത്തിയിരുന്നു. ഡിജിപി ജേക്കബ് തോമസിനെ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തി ശക്തി തെളിയിക്കാന്‍ നീക്കം നടത്തിയെങ്കിലും, അദ്ദേഹത്തിന്റെ രാജി സര്‍ക്കാര്‍ അംഗീകരിക്കാത്തതിനാല്‍ അത് നടന്നിരുന്നില്ല. ഇതിന് പിറകെയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ ട്വന്റി-ട്വന്റി രംഗത്തെത്തിയത്.
നേരത്തെ സംഘടന എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ.എന്‍ രാധാകൃഷ്ണന് പിന്തുണ നല്‍കുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നിലവില്‍ ഇരുമുന്നണികളോടും പരസ്യമായ എതിര്‍പ്പ് രേഖപ്പെടുത്തുന്ന പശ്ചാത്തലത്തില്‍ ട്വന്റി-ട്വന്റിയുടെ പിന്തുണ എന്‍ഡിഎയ്ക്ക് പോകുമെന്നാണ് വിലയിരുത്തല്‍. ഇത് സംബന്ധിച്ച പരസ്യ പ്രസ്താവന ഉണ്ടാകുമോ എന്ന് വ്യക്തമല്ല. മണ്ഡലത്തില്‍ അട്ടിമറി വിജയം നേടുമെന്ന് അവകാശപ്പെടുന്ന എന്‍ഡിഎ ഇരുപത്തയ്യായിരത്തോളം വരുന്ന ട്വന്റി ട്വന്റി വോട്ടുകള്‍ തങ്ങള്‍ക്ക് ലഭിക്കുമെന്ന കണക്ക് കൂട്ടലിലാണ്.
Discussion about this post