( നിലപാട് ) വടയാര്‍ സുനില്‍
സുരേഷ് ഗോപി എന്ന മാന്യനും നിര്‍മ്മലനുമായ നായര്‍ സമുദായത്തില്‍ പിറന്ന കലാകാരന് പെരുന്നയില്‍ അപമാനിതനായതറിഞ്ഞ് വല്ലാതെ ദു:ഖം തോന്നി. 1998 ഡിസംബര്‍ 31 ന് സുരേഷ് ഗോപി ക്കൊപ്പം നടത്തിയ ഒരു കാര്‍ യാത്രയാണ് പെട്ടന്ന് ഓര്‍മ്മയില്‍ വന്നത്. 30 ന് രാത്രി വൈകിയാണ് ഞാന്‍ സുരേഷേട്ടന്റെ ശാസ്തമംഗലത്തെ ‘ലക്ഷ്മി ”യില്‍ എത്തിയത്. സുരേഷേട്ടന്റെ മകന് ഗോകുലിന് ഇഷ്ടമായിരുന്ന പാവക്കുട്ടി മാസികയുടെ കുറെ കോപ്പികളും ഞാന്‍ കൊണ്ടു ചെന്നിരുന്നു.( ഞാനന്ന് അവിവാഹിതനാണ്. പിന്നീട്, എനിക്കു മോനുണ്ടായപ്പോള്‍ അവനിട്ട പേരു് ഗോകുല്‍ കൃഷ്ണ എന്നായത് യാദൃശ്ചികം .ആദ്യം തീരുമാനിച്ചത് ഭരത് എന്നായിരുന്നു എന്നത് മറ്റൊരു കൗതുകം, ഇപ്പോള്‍ ഓര്‍മ്മിക്കുമ്പോള്‍ )
31 ന് ഞങ്ങള്‍ക്ക് ഒന്നിച്ച് വൈക്കത്തേക്ക് ഒരു യാത്രയുണ്ട്. രാത്രി ഞാന്‍ ലക്ഷ്മിയില്‍ തങ്ങി. FIR എന്ന പടത്തിന്റെ ഷൂട്ട് നടക്കുകയാണ്. ‘പിറ്റേന്ന് അതിരാവിലെ മുതല്‍ സാനഡു വിലാണ് ഷൂട്ട്. ഞാന്‍ നേരത്തേ പോകും.
സുനില്‍ സാവകാശം എണീറ്റ് ബ്രേക്ക് ഫാസ്റ്റൊക്കെ കഴിഞ്ഞ് ഒമ്പതരയോടെ വന്നാല്‍ മതി. പത്തിനു നമുക്ക് പുറപ്പെടും’ എന്നു പറഞ്ഞ് കക്ഷി കിടക്കാന്‍ പോയി. വൈക്കത്ത് മൂപ്പര്‍ക്ക് ഒരു പൊതു പരിപാടിയുണ്ട്.ഭരത് അവാര്‍ഡ് ലഭിച്ചതിന്റെ വമ്പന്‍ സ്വീകരണം.
രാവിലെ ഉണര്’ന്ന് ഞാന്‍ സാനഡുവില്‍ എത്തുമ്പോള്‍, ‘മുഹമ്മദ് സര്‍ക്കാര്‍ ഐ.പി.എസ്. ,.’ കാക്കിയിട്ടു കസറുകയാണ്. നായിക ഇന്ദ്ര. അവരുടെ എന്തോ അസൗകര്യങ്ങള്‍ മൂലം ഷൂട്ട് വല്ലാതെ നീളുന്നു ഇടവേളകളില്‍ വാച്ച് നോക്കി സുരേഷേട്ടന് അസ്വസ്ഥനാകുന്നു. വൈക്കത്ത് തച്ചിലേടത്ത് ചുണ്ടത്തെ ഷൂട്ടിംഗ് വൈകുന്നേരമുണ്ട്.മമ്മുട്ടി ഉച്ചക്ക് ചെമ്പിലെ വീട്ടിലുണ്ട്.സുരേഷ് ഗോപി വൈക്കത്തു വരുന്നതറിഞ്ഞ് ഉച്ചയ്ക്ക് ഊണ് വീട്ടിലെന്നു പറയുമ്പോഴും ചെമ്പിലെ സ്പെഷല്‍ മെനു വായ ചട്ടിയില്‍ വച്ച മീന്‍ കറി വേണമെന്നു സുരേഷ് ഗോപി പറയുമ്പോഴും ഞാനുണ്ട് അടുത്ത് . നിശ്ചയിച്ച യാത്രാ ഷെഡ്യൂള്‍ ഇങ്ങനെ ആയിരുന്നു.10 ന് മുന്‍പ് വൈക്കത്തേക്കു പുറപ്പെടുന്നു ഉച്ചക്ക് 2 മണിയോടടുപ്പിച്ച് മമ്മൂട്ടിയുടെ വീട്ടില്‍ ഉണ്ട്. നാലു മണിക്ക് വടയാറിലെ സ്വീകരണം. പിന്നെ പെരുന്നയി’ല്‍ പണിക്കരു ചേട്ടന് ( NSS .ജനറല്‍ സെക്രട്ടറി നാരായണ പണിക്കര്‍ ) ആവശ്യപ്പെട്ടപ്രകാരമുള്ള പരിപാടി ഇന്ദ്ര കാരണം എല്ലാം കുളമായി ! സാനഡുവില്‍ നിന്നു തിരിക്കുമ്പോള്‍ ഒരു മണി അടുത്തു .
ഭക്ഷണം കഴിക്കാന്‍ നില്‍ക്കാതെ നേരെ കാറില്‍ കയറി ‘ നമ്മള് ലേറ്റായല്ലോ. പാവം ആ വൈക്കത്തെ സംഘാടകര്‍ ടെന്‍ഷനിലാകും. ഞാന്‍ ചെന്നില്ലങ്കില്‍ നാട്ടുകാര്‍ അവരെ ശരിയാക്കും. കഴിക്കാന്‍ നിന്നാല്‍ ഇനിയും വൈകും” കോണ്ടസയിലേക്കു കയറുമ്പോള്‍ സുരേഷ് ഗോപി പറഞ്ഞു. മൊബൈലൊക്കെ താരങ്ങളുടെ കൈയില്‍ മാത്രമായിരുന്ന കാലത്ത് സംഘാടകരായ ചെറുപ്പക്കാരോടുള്ള സ്നേഹം കൊണ്ട് സൂപ്പര്‍ താരം ഉച്ചഭക്ഷണം വേണ്ടന്ന് വെച്ചപ്പോള്‍ കത്തി നിന്ന എന്റെ വിശപ്പും ആവിയായി. കാര്‍ കുറെ ദൂരം ചെന്നപ്പോള്‍ നിന്നു. ഞാന്‍ പുറത്തേക്കും ഡ്രൈവറുടെ മുഖത്തേക്കും നോക്കി. വണ്ടി നിന്നത് ഒരു മുസ്ലിം പള്ളിയുടെ മുന്നിലാണ്.’ ‘സാറിനിത് പതിവാണ്. ‘ ഡ്രൈവര്‍ പ്രസാദ് പറഞ്ഞു. കോണ്ടസ നിന്നതുകണ്ട് സെക്യൂരിറ്റിക്കാരന് ഓടി വന്നു. കാറിന്റെ ഗ്ലാസ് താഴ്ത്തി നേര്‍ച്ച പണമായി നൂറു രൂപ നീട്ടിയ ‘ കമ്മീഷണറെ ” കണ്ട് സെക്യൂരിറ്റിയുടെ മുഖം വിടര്‍ന്നു. പിന്നെ, ഒരു ബിഗ് സല്യൂട്ട്! കടുവ പള്ളിയില്‍ എനിക്കു വലിയ ബഹുമാനവും വിശ്വാസവുമാണ്. സുരേഷ് ഗോപി പറഞ്ഞു.
വൈക്കത്തെത്തുമ്പോള്‍ ആറു മണി.അപ്പോഴും പട്ടിണി. സംഘാടകര്‍ തന്ന ഇളനീരാണ് എനിക്കു ബോധം തിരിച്ചു തന്നത്. ഒരു സൂപ്പര്‍ താരം ലേറ്റാകും എന്ന പേരില്‍ സംഘാടകര്‍ക്കു വേണ്ടി പട്ടിണി നിന്ന് ഇങ്ങനെ ഒരു യാത്ര നടത്തുമോ? ലേറ്റായാല്‍ ക്യാന്‍സല്‍ ചെയ്യും. സംഘാടകര്‍ പോയി തുങ്ങിച്ചാവട്ടെ! പക്ഷേ, സുരേഷ് ഗോപി വ്യത്യസ്തനാണ്.അവിടെ നിന്നും ചെമ്പിലെ മമ്മൂട്ടിയുടെ തറവാട്ടു നിന്ന് ചട്ടിയില്‍ മീന്‍ കറി കഴിച്ചതാണ് പകലത്തെ ഏക ഭക്ഷണം. അതിനിടെ പെരുന്നയില്‍ നിന്നും പണിക്കരു ചേട്ട ന്റെ പരിഭ്രമിച്ച വിളി സുരേഷ് ഗോപിയുടെ രണ്ടായി മടക്കാവുന്നBPL മൊബൈലിലേക്കു വരുന്നുണ്ടായിരുന്നു. ‘ ഞാന്‍ വരുന്നു. ഇത്തിരി വൈകി ” ക്ഷമാപണം. കാര്‍ പെരുന്നയ്ക്ക് . നായര്‍ സമുദായത്തിന്റെ നായകന് കാറിന്നരികില്‍ വന്ന് സ്വീകരിച്ചു കൊണ്ടു പോകുന്നു. ആ വേദിയില്‍ രണ്ടു പാട്ടുകള്‍ കൂടി പ്പാടി പണിക്കര്‍ ചേട്ടനെ സന്തോഷിപ്പിച്ചിട്ടാണ് അന്നു സുരേഷ് ഗോപി ശാസ്തമംഗലത്തേക്കു മടങ്ങിയത്. അത് നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ആഭിജാത കാലം.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു കാലത്ത് ഞാന്‍ കേരളകൗമുദി കോട്ടയം ബ്യുറോ ചീഫായി നാലഞ്ചു മാസം ജോലി ചെയ്തു. പണിക്കര്‍ ചേട്ടന് അവതരിപ്പിച്ച അവസാന NSS ബജറ്റ് സമ്മേളനം ഞാനാണ് റിപ്പോര്‍ട്ട് ചെയ്തത്. കോട്ടയത്ത് എത്തിയ ഉടന്‍ ആദ്യം പോയത് വാഴപ്പള്ളിയിലെ വീട്ടില്‍ പണിക്കര്‍ ചേട്ടനെ കാണാനാണ്. വല്ലാത്ത അവശതയിലായിരുന്നു അദ്ദേഹം. .
‘ വന്നതില്‍ സന്തോഷം. ദിവസം ഒരു ദോശ പോലും ഇപ്പോള്‍ കഴിക്കാന്‍ വയ്യ. ആര്‍ക്കും എന്നെ വേണ്ട .അങ്ങോട്ടു പോകുന്നില്ല. എല്ലാം അവന്റെ കയ്യിലായില്ലേ?’ തളര്‍ന്നത് പണിക്കരുചേട്ടന്റെ മനസ്സായിരുന്നു എന്നു ഞാനറിഞ്ഞ നിമിഷം.
സുരേഷ് ഗോപി ഒരു ചങ്ങലയുടെ പുതിയ കണ്ണി മാത്രമാണ്. മാടമ്പിത്തരും ധാര്‍ഷ്ട്യവും കൊണ്ട് അന്ധത വന്ന ഒരു അഹങ്കാരമുര്ത്തിയുടെ അപമാനത്തിരയായവരുടെ ചങ്ങലയിലെ അവസാന കണ്ണി. അന്ധത കൊണ്ട് അഹങ്കാരമൂര്ത്തികള് അറിയുന്നില്ല പൊതു സമൂഹത്തിനു മുന്നില്‍ അവര്‍ സ്വയം കുന്നിക്കുരുന്നിലും ചെറുതാകുന്നത്.
സുരേഷ് ഗോപിക്കു നിസ്സംശയം പറയാം
ഷിറ്റ് …. അയാം, സുരേഷ് ഗോപി :: ജസ്റ്റ് റിമംബര്‍ ദാറ്റ്
(കേരള കൗമുദി പത്രത്തിന്റെ കൊച്ചി ബ്യൂറോ ചീഫും, സ്പെഷല്‍ കറസ്പോണ്ടന്റുമായിരുന്നു ലേഖകന്‍)
Discussion about this post