ആലപ്പുഴയില്‍ അഭിമന്യു വധവുമായി ബന്ധപ്പെട്ട് സിപിഎമ്മിനകത്തുണ്ടായ അസംതൃപ്തി മുതലെടുക്കാന്‍ ബിജെപി. മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ കൊലയാളികളെ സംരക്ഷിക്കുന്നത് ആലപ്പുഴയിലെ സിപിഎം നേതൃത്വമാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എഎം ആരിഫിന്റെ പേര് വരെ ചിലര്‍ ഉയര്‍ത്തി. അഭിമന്യുവിനെ കുത്തിയ എസ്ഡിപിഐ പ്രവര്‍ത്തകനെ ഇതുവരെയും അറസ്റ്റ് ചെയ്യാന്‍ പോലിസ് കഴിഞ്ഞിട്ടില്ല. എസ്ഡിപിഐ-സിപിഎം ബന്ധം എന്‍ഡിഎ മണ്ഡലത്തില്‍ ചര്‍ച്ചയാക്കിയതോടെ പ്രതിരോധിക്കാനാവാത്ത അവസ്ഥയിലാണ് സിപിഎം.
ആലപ്പുഴ സ്വദേശികളാണ് അറസ്റ്റിലായ പല എസ്ഡിപിഐ പ്രവര്‍ത്തകരും. ഒളിവിലായിരുന്ന ഇവരെ സിപിഎം സംരക്ഷിക്കുന്നുവെന്ന ആരോപണം ഉയര്‍ന്നിരുന്നു. ശക്തമായ പ്രതിഷേധത്തിനൊടുവിലാണ് പല പ്രതികളെയും പോലിസ് അറസ്റ്റ് ചെയ്തത്. അഭിമന്യു വധത്തില്‍ പ്രതിഷേധിച്ച് ആലപ്പുഴയില്‍ എസ്എഫ്ഐ നടത്തിയ മാര്‍ച്ചുകള്‍ക്ക് നേരെ എസ്ഡിപിഐ പരസ്യമായ ആക്രമണം നടത്തിയിരുന്നു. എസ്എഫ്ഐ നേതാക്കള്‍ക്ക് വെട്ടേറ്റ സംഭവും ഉണ്ടായി. എന്നാല്‍ ഇക്കാര്യത്തില്‍ ശക്തമായ നടപടി സിപിഎം നേതൃത്വം സ്വീകരിച്ചില്ല എന്ന ആക്ഷേപം യുവജന പ്രസ്ഥാനങ്ങളില്‍ പെടുന്ന നേതാക്കള്‍ക്കുണ്ട്. ഒളിഞ്ഞും, തെളിഞ്ഞും എസ്ഡിപിഐയുമായി നേതാക്കള്‍ ബന്ധം വെക്കുകയാണെന്നാണ് ഇവരുടെ ആക്ഷേപം. ജയിക്കാനായി തീവ്രവാദ ശക്തികളുമായി പോലും കൂട്ടു പിടക്കുന്ന പ്രവണത അംഗീകരിക്കാനാവില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.കേസിലെ പല പ്രതികളും എളുപ്പത്തില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നിലും കള്ളക്കളികളുണ്ടെന്നാണ് ആരോപണം.
പരസ്യമായ പ്രതിഷേധം ഉയരുന്നില്ലെങ്കിലും അഭിമന്യു വധക്കേസിലെ പ്രതികളെ സംരക്ഷിക്കുന്നുവെന്ന ആരോപണത്തെ നിസാരമായി കാണേണ്ട എന്നാണ് സിപിഎം നിലപാട്. പ്രവര്‍ത്തകരെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്താനും നിര്‍ദ്ദേശമുണ്ട്. കൊലയാളിയുടെ അറസ്റ്റ് ഇനിയും നടക്കാത്ത് ഉള്‍പ്പടെയുള്ള വിഷയങ്ങളല്ല ഇപ്പോള്‍ ചര്ച്ചയാക്കണ്ടത് എന്നാണ് സിപിഎം നേതാക്കള്‍ താഴെ തട്ടിലേക്ക് നല്കുന്ന സന്ദേശം. കൊലയാളിയെ ഉടന്‍ അറസ്റ്റ് ചെയ്യും. മറ്റ് പ്രതികളെ പിടികൂടാനായതും, അഭിമന്യുവിന്റെ വീടിന്റെ സംരക്ഷണം ഏറ്റെടുത്തതും പാര്‍ട്ടി മുന്നോട്ട് വെക്കുന്നു. എന്നാല്‍ എസ്ഡിപിഐയുമായുള്ള രഹസ്യധാരണകള്‍ അംഗീകരിക്കാനാവില്ല എന്ന നിലപാടിലാണ് പല സിപിഎം അനുഭാവികളും.
എസ്ഡിപിഐ ബന്ധത്തിന് പിറകെ ആരിഫ് അയ്യപ്പ സ്വാമിയുടെ ചിത്രം പിടിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്തതും ചില കേന്ദ്രങ്ങളെ ചൊടിപ്പിച്ചിട്ടുണ്ട്. വോട്ടിന് വേണ്ടി മതപ്രീണനം നടത്തുകയാണെന്നാണ് ആക്ഷേപം. ശബരിമല വിഷയം ചര്‍ച്ചയാക്കേണ്ടതില്ല എന്ന് സിപിഎം തീരുമാനം എടുത്തിരിക്കെ സ്ഥാനാര്‍ത്ഥി ഇത്തരമൊരു പരിപാടിയില്‍ പങ്കെടുത്തതും ഫോട്ടോയ്ക്ക് പോസ് ചെയ്തതും എന്തിനാണെന്ന് ഇവര്‍ ചോദിക്കുന്നു.
ശബരിമല കര്‍മ്മ സമിതി നേതാവായ കെ.എസ് രാധാകൃഷ്ണനാണ് മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി. ശക്തമായ വെല്ലുവിളിയാണ് എഴുത്തുകാരനും, മുന്‍ വിസിയുമായ കെ.എസ് രാധാകൃഷ്ണന് ഉയര്‍ത്തുന്നത്. സിപിഎം സ്വാധീനമേഖലകളില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയ്ക്ക് ലഭിക്കുന്ന സ്വീകാര്യത പാര്‍ട്ടി നേതൃത്വത്തിന് ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. ശബരിമല വിഷയം മണ്ഡലത്തില്‍ വലിയ ചര്‍ച്ചയാകുന്നത് തിരിച്ചടിയാകുമെന്ന കണക്ക് കൂട്ടലിലിരിക്കെയാണ് ആരിഫ് തന്നെ ഇടപെട്ട് വിഷയം ചര്‍ച്ചയാക്കിയത്. ഇത് പ്രവര്‍ത്തകരില്‍ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്.
Discussion about this post