വിഷു ഉത്സവം പൂർത്തിയാക്കി ശബരിമല നട ഇന്ന് അടയ്ക്കും. രാത്രി 10 ന് ഹരിവരാസനം പാടി നട അടയ്ക്കുന്നതോടെ തെരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന തീർഥാടന കാലം കഴിയും. കഴിഞ്ഞ വർഷത്തെ വിഷു സീസൺ അപേക്ഷിച്ച് ഇത്തവണ തീർഥാടകരുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായി.
വിഷു ദിനത്തിലെ തിരക്ക് മാറ്റി നിർത്തിയാൽ വിഷു ഉത്സവത്തിന് നട തുറന്ന് ഇതുവരെ ഒന്നേമുക്കാൽ ലക്ഷം ഭക്തർ മാത്രമാണ് എത്തിയത്.
തെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരി കൊണ്ടിരിക്കെ പരമാവധി വിവാദങ്ങൾ ഒഴിവാക്കാൻ ദേവസ്വം ബോർഡിനും പോലീസിനും മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശം നൽകിയിരുന്നു. അതിനാൽ തന്നെ ആചാരലംഘനത്തിനായി ഇക്കുറി യുവതികൾ ആരും ശബരിമല ലക്ഷ്യം വെച്ച് എത്തിയില്ല.
സാധാരണ ഗതിയിൽ പമ്പ വരെ യുവതികൾ എത്താറുണ്ട്. പമ്പ ഗണപതി ക്ഷേത്രത്തിൽ ദർശനം നടത്തി ഇക്കൂട്ടർ തങ്ങൾക്ക് ഒപ്പം വന്നവരെ കാത്ത് പമ്പ ഗാർഡ് റൂമിന് സമീപം കാത്തു നിൽക്കാറാണ് പതിവ്. എന്നാൽ തെരഞ്ഞെടുപ്പ് അടുത്തതിനാൽ ഇക്കുറി കുടുംബത്തോടൊപ്പം വന്ന യുവതികളെ നിലക്കലിൽ പോലീസ് തന്നെ തടഞ്ഞത് ശ്രദ്ധേയമായി.
Discussion about this post