കടുത്ത സാമ്പത്തീക പ്രതിസന്ധി മൂലം താത്കാലികമായി അടച്ച ജെറ്റ് എയര്‍വെയ്സും വായ്പയെടുത്ത് കഴിയുന്ന എയര്‍ ഇന്ത്യയും ഏറ്റെടുക്കാന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് തയ്യാറെടുക്കുന്നുവെന്ന് റിപ്പോര്‍ട്ട്.
കഴിഞ്ഞ സാമ്പത്തികവര്‍ഷം ജെറ്റ് എയര്‍വെയ്സും എയര്‍ ഇന്ത്യയും നഷ്ടത്തിലായിരുന്നു. രണ്ടു കമ്പനികളുടെയും വ്യാപാര ഓഹരി 25 ശതമാനത്തിലും താഴെയായിരുന്നു. നേരത്തെ ജെറ്റ് എയര്‍വേയ്സ് വാങ്ങാന്‍ താത്പര്യം കാണിച്ചവരില്‍ റിലയന്‍സ് ഉണ്ടായിരുന്നില്ല. പിന്നീട്, യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എത്തിഹാദ് എയര്‍വെയ്സുമായി ചേര്‍ന്ന് റിലയന്‍സ് ജെറ്റ് എയര്‍വേസ് ഏറ്റെടുത്തേക്കാമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ജെറ്റ് എയര്‍വെയ്സിന്റെ 24 ശതമാനം ഓഹരി കൈവശമുള്ള എത്തിഹാദ് ജെറ്റ് എയര്‍വേസ് ഏറ്റെടുക്കാനുള്ള താത്പര്യം പ്രകടിപ്പിക്കുകയും ചെയ്തു. എന്നാല്‍ റിപ്പോര്‍ട്ടുകളോട് പ്രതികരിക്കാന്‍ കമ്പനി ഇതുവരെ തയ്യാറായിട്ടില്ല.
കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ബുധനാഴ്ച ജെറ്റ് എയര്‍വെയ്സ് 25 വര്‍ഷത്തെ സേവനം അവസാനിപ്പിച്ചിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടിയന്തര ഇടക്കാല ഫണ്ടായി 983 കോടി രൂപ നല്കാന് വിസമ്മതിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്.സാമ്പത്തിക പ്രതിസന്ധിയിലായ ജെറ്റ് എയര്‍വേയ്സില്‍നിന്ന് ജെറ്റ് എയര്‍വേയ്സ് സ്ഥാപകന്‍ നരേഷ് ഗോയലും ഭാര്യ അനിതാ ഗോയലും കഴിഞ്ഞ മാസം ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് ഒഴിഞ്ഞിരുന്നു. കുടിശിക തീര്‍ക്കാതായതോടെ ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് ഇന്ധനം നല്‍കുന്നത് അവസാനിപ്പിച്ചിരുന്നു.
അന്താരാഷ്ട്ര സര്‍വീസുകള്‍ കമ്പനി നേരത്തെ നിര്‍ത്തി വച്ചിരുന്നു. ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് ജീവനക്കാര്‍ സമരം പ്രഖ്യാപിച്ചതും 8000 കോടി രൂപയുടെ കടം നിലനില്ക്കുന്നതുമാണ് കമ്പനിയെ പ്രതിരോധത്തിലാക്കിയത്.
Discussion about this post