സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്കെതിരായ പീഡന പരാതിക്കു പിന്നിലെ ഗൂഢാലോചനയിൽ അന്വേഷണം പ്രഖ്യാപിച്ച് സുപ്രീം കോടതി. റിട്ട. ജസ്റ്റിസ് എ.കെ. പട്‌നായിക്കിനാണ് അന്വേഷണത്തിന്റെ ചുമതല. സിബിഐ, ഐബി, ഡല്‍ഹി പൊലീസ് എന്നീ ഏജന്‍സികകളുടെ സഹായം തേടും.
ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. അതേസമയം ഗൂഢാലോചനയുമായി ബന്ധപ്പെട്ട അന്വേഷണം ചീഫ് ജസ്റ്റിസിനെതിരെ ഉയർന്ന ആരോപണത്തെക്കുറിച്ചുള്ള അന്വേഷണത്തെ ബാധിക്കില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. സുപ്രീം കോടതിയിലെ മുൻ ജീവനക്കാരിക്കു വേണ്ടി ഹാജരാകുന്നതിനും ചീഫ് ജസ്റ്റിസിനെതിരെ പ്രസ് ക്ലബിൽ വാർത്താ സമ്മേളനം ഒരുക്കുന്നതിനും തനിക്ക് 1.5 കോടി രൂപയാണ് വാഗ്ദാനം ലഭിച്ചതെന്ന് അഭിഭാഷകനായ ഉത്സവ് ബൈൻസ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.
ഉത്തരവിനെതിരെ മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിങ് രംഗത്തെത്തി. പരാതിയെപ്പറ്റിയല്ല, പരാതിയാണ് അന്വേഷിക്കേണ്ടതെന്ന് അവർ പറഞ്ഞു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് മാറിനിന്ന് അന്വേഷണം നേരിടണമെന്നും അവർ ആവശ്യപ്പെട്ടു.
ഗൂഢാലോചനയിൽ അഭിഭാഷകൻ നേരത്തേ കോടതിയിൽ തെളിവ് സമർപ്പിച്ചിരുന്നു. ഗൂഢാലോചനക്കാരുടെ പേരുകൾ വെളിപ്പെടുത്താൻ സാധിക്കില്ലെന്നും അഭിഭാഷകൻ ബോധിപ്പിച്ചു. മുദ്രവച്ച കവറിലാണ് ഉത്സവ് സിങ് ബൈൻസ് രേഖകൾ ഹാജരാക്കിയത്. പേര് വെളിപ്പെടുത്താൻ സാധിക്കില്ലെന്ന അഭിഭാഷകന്റെ നിലപാടിനെ എതിർത്ത് അറ്റോർണി ജനറൽ രംഗത്തെത്തി. കേസിൽ യുവതിയുടെ പരാതിയും ഗൂഢാലോചനയും ഒരുമിച്ച് അന്വേഷിക്കണമെന്ന് അഭിഭാഷക ഇന്ദിര ജയ്സിങ് സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ ഗൂഢാലോചന പ്രത്യേകമായി അന്വേഷിക്കുമെന്നു കോടതി വ്യക്തമാക്കി. കോടതിയെ പ്രകോപിപ്പിക്കരുതെന്നും മുന്നറിയിപ്പു നൽകി.
Discussion about this post