ശ്രീലങ്കൻ സ്‌ഫോടനവുമായി ബന്ധപ്പെട്ട് സൗദി അറേബ്യയിൽ അറസ്റ്റിലായ രണ്ടുപേർക്ക് കേരളവുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തൽ.
ശ്രീലങ്കൻ സ്‌ഫോടനത്തിന്റെ സൂത്രധാരൻ സഹ്രാൻ ഹാഷിമിന്റെ ബന്ധു മൗലാനാ റിള, സുഹൃത്ത് ഷഹ്നാഹ് നാവിജ് എന്നിവരാണ് കഴിഞ്ഞദിവസം സൗദി പൊലീസിന്റെ പിടിയിലായത്. ഇവർക്ക് കാസർകോട് അടക്കമുള്ള സ്ഥലങ്ങളിലെ ഐഎസ് റിക്രൂട്ട്‌മെന്റിൽ പങ്കുണ്ടെന്ന് എൻഐഎ അറിയിച്ചു.
2017ൽ അഫ്ഗാനിൽ കൊല്ലപ്പെട്ട ഷിബി കുന്നത്ത് തൊടിക എന്ന മലയാളി ഭീകരനുമായി റിയാസിന് അടുത്ത ബന്ധമുണ്ടെന്നും ഷിബിയുടെ മരണം റിയാസിനെ ബാധിച്ചെന്നും എൻഐഎ പറയുന്നു. തൃക്കരിപ്പൂർ സ്വദേശി ഫിറോസ്ഖാന്റെ നേതൃത്വത്തിൽ ഭീകരവാദ റിക്രൂട്ട്‌മെന്റ് തുടരുന്നുവെന്നും എൻഐഎ അറിയിച്ചു.
അതേസമയം, ഐസിസ് റിക്രൂട്ട്മെന്റ് കേസിൽ മൂന്ന് മലയാളികളെക്കൂടി എൻ.ഐ.എ പ്രതിചേർത്തു. ഖത്തറിൽ കഴിയുന്ന കൊല്ലം കരുനാഗപ്പള്ളി ചങ്ങൻകുളങ്ങര അനസ് ഫ്ളോർ മില്ലിനു സമീപം വക്കേത്തറയിൽ അബു മർവാൻ അൽ ഹിന്ദി എന്നറിയപ്പെടുന്ന മുഹമ്മദ് ഫൈസൽ (29), കാസർകോട് കളിയങ്ങാട് പള്ളിക്കൽ മൻസിലിൽ അബു ഈസ എന്ന പി.എ. അബൂബക്കർ സിദ്ദിഖ് (28), കാസർകോട് എരുത്തുംകടവ് വിദ്യാനഗർ സിനാൻ മൻസിലിൽ അഹമ്മദ് അറാഫത്ത് എന്നിവരെയാണ് പ്രതി ചേർത്തത്.കാസർകോട്ട് നിന്ന് യുവാക്കളെ ഐസിസിലേക്ക് റിക്രൂട്ട് ചെയ്ത കേസിലാണിത്.
റിക്രൂട്ട്മെന്റ് കേസിൽ ഒളിവിൽ കഴിയുന്ന ഒന്നാം പ്രതി അബ്ദുൾ റാഷിദ് അബ്ദുള്ളയുടെയും അഫ്ഗാനിസ്ഥാനിൽ ഒളിവിലുള്ള മറ്റൊരു പ്രതിയുടെയും നിരന്തര സ്വാധീനം നിമിത്തം പ്രതികൾ ഒറ്റ ഗ്രൂപ്പായി തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ 2018 സെപ്തംബർ മുതൽ ആസൂത്രണങ്ങൾ നടത്തി വരികയായിരുന്നു. ഫൈസലിന്റെയൊഴികെ മറ്റു പ്രതികളുടെ വീടുകളിൽ ഏപ്രിൽ 28 ന് നടത്തിയ പരിശോധനയിൽ മൊബൈൽ ഫോണുകൾ, സിംകാർഡുകൾ, എയർഗൺ, പേഴ്സണൽ ഡയറികൾ, ചില പുസ്തകങ്ങൾ തുടങ്ങിയവ പിടിച്ചെടുത്തിട്ടുണ്ടെന്നും കസ്റ്റഡി അപേക്ഷയിൽ പറയുന്നു. അബ്ദുൾ റാഷിദ് കാസർകോട്ടും പാലക്കാട്ടുമുള്ള ചില യുവാക്കളെ ഐസിസിൽ ചേരാനും ഇന്ത്യയിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്താനും നിരന്തരം പ്രേരിപ്പിക്കുന്നുണ്ടെന്ന് എൻ.ഐ.എ വ്യക്തമാക്കി.
Discussion about this post