തുറമുഖ വകുപ്പിലെ ഡ്രെഡ്ജര്‍ അഴിമതിക്കേസില്‍ ഡി.ജി.പി. ജേക്കബ് തോമസിനെതിരെ വിജിലന്‍സ് കേസെടുത്തത് നിയമോപദേശം മറികടന്നെന്ന് റിപ്പോര്‍ട്ട്. ജേക്കബ് തോമസിനെതിരെ കേസെടുക്കരുതെന്ന് നിയമോപദേശ സമിതി നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ഇതുമറികടന്നാണ് അദ്ദേഹത്തിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തതെന്നാണ് റിപ്പോര്‍ട്ട്
ജേക്കബ് തോമസിനെതിരെ കേസെടുക്കാനുള്ള മതിയായ തെളിവുകളില്ലെന്ന് ഏപ്രില്‍ അഞ്ചിന് നിയമോപദേശ സമിതി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതുമറികടന്നാണ് വിജിലന്‍സ് ജേക്കബ് തോമസിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. തനിക്കെതിരെ കേസെടുക്കാനുള്ള തെളിവുകളില്ലെന്ന് ജേക്കബ് തോമസും നേരത്തെ അവകാശപ്പെട്ടിരുന്നു.
ധനകാര്യ പരിശോധന വകുപ്പാണ് അഴിമതി നടന്നതായി കണ്ടെത്തിയതെന്നും എന്നാല്‍ ഈ പ്രാഥമിക റിപ്പോര്‍ട്ടിന്റെ മാത്രം അടിസ്ഥാനത്തില്‍ കേസെടുക്കാനാവില്ലെന്നായിരുന്നു നിയമോപദേശ സമിതിയുടെ നിലപാട്. ആഗോള ടെന്‍ഡര്‍ വിളിച്ച നടപടി സുതാര്യമായിരുന്നുവെന്നും നിയമോപദേശ സമിതി കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്നാണ് ജേക്കബ് തോമസിനെതിരേ കേസെടുക്കാനാവില്ലെന്ന് നിയമോപദേശ സമിതി വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ ഈ നിര്‍ദേശം മറികടന്ന് വിജിലന്‍സ് ജേക്കബ് തോമസിനെതിരേ കേസെടുക്കുകയായിരുന്നു.
Discussion about this post