തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ആദിവാസി പ്രസ്താവനയില്‍ നല്‍കിയ മറുപടിയിലാണ് രാഹുല്‍ കമ്മീഷനെ വിമര്‍ശിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോണ്‍ഗ്രസിനോട് വിവേചനം കാണിക്കരുതെന്ന് രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടു. ഏകപക്ഷീയമായി തീരുമാനം എടുക്കരുത്. നരേന്ദ്രമോദിയുടെയും അമിത്ഷായുടെയും പ്രസതാവനകളില്‍ നടപടി സ്വീകരിക്കാത്തത് ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്‍രെ വിമര്‍ശനം.
ആദിവാസികളെ വെടിവെച്ചുകൊല്ലാന്‍ അനുവദിക്കുന്ന നിയമം പ്രധാനമന്ത്രി നരേന്ദ്രമോദി കൊണ്ടുവന്നുവെന്ന പരാമര്‍ശത്തിനാണ് രാഹുല്‍ മറുപടി നല്‍കിയത്. തന്റെ പ്രസംഗം ചട്ടലംഘനമല്ല. വിമര്‍ശിച്ചത് സര്‍ക്കാര്‍ നയത്തെയാണ്. തെരഞ്ഞെടുപ്പിന്റെ പേരില്‍ സ്വതന്ത്രമായ അഭിപ്രായപ്രകടനത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കരുതെന്നും രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടു. 11 പേജുള്ള സത്യവാങ്മൂലമാണ് രാഹുല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ചത്.
മധ്യപ്രദേശിലെ ഷാങ്‌ദോളില്‍ ഏപ്രില്‍ 23 നായിരുന്നു രാഹുലിന്റെ പ്രസ്താവന. ആദിവാസികളെ വെടിവെക്കാൻ പൊലീസിനെ അനുവദിക്കുന്ന പുതിയ നിയമം മോദി സർക്കാർ രൂപീകരിച്ചിട്ടുണ്ട്. ആദിവാസികളെ ആക്രമിക്കാമെന്നും അവരുടെ ഭൂമി ഏറ്റെടുക്കാമെന്നും അവരുടെ കാട് കൈയേറാമെന്നും വെള്ളമൂറ്റാമെന്നും ഒടുവിൽ അവരെ വെടിവെച്ചു കൊല്ലാമെന്നും അതിൽ പറയുന്നു – എന്നായിരുന്നു രാഹുലിൻെറ പ്രസംഗം
Discussion about this post