പത്തനംതിട്ട ; ഇടവമാസ പൂജയ്ക്ക് നട തുറന്നതോടെ ശബരിമലയില്‍ വീണ്ടും ആചാരലംഘനത്തിനു ശ്രമം നടക്കുന്നതായി ആശങ്ക നട തുറന്ന ഇന്നലെ തന്നെ യുവതി ദര്‍ശനത്തിനെത്തിയതോടെ ഇനിയുള്ള ദിവസങ്ങളില്‍ ആചാരലംഘനത്തിന് സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. റാന്നി സ്വദേശിനിയായ യുവതിയാണ് ഇന്നലെ രാത്രിയില്‍ ദര്‍ശനത്തിനായി എത്തിയത്. സന്നിധാനത്തെത്തിക്കണമെന്നാവശ്യപ്പെട്ട് സമീപിച്ച യുവതിയെ പൊലീസ് രഹസ്യകേന്ദ്രത്തിലേയ്ക്ക് മാറ്റി .
മുന്‍പ് ഇത്തരത്തില്‍ ശബരിമല സന്ദര്‍ശനം നടത്താനെത്തിയ ബിന്ദു,കനകദുര്‍ഗ്ഗ എന്നിവരെ രഹസ്യകേന്ദ്രത്തിലേയ്ക്ക് മാറ്റിയ ശേഷമാണ് എസ് പി ഹരിശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘം സന്നിധാനത്തെത്തിച്ചത്. ഇതാണ് വിശ്വാസികളെ ആശങ്കയിലാക്കുന്നത്. യുവതിയെ വേഷം മാറ്റിയും മറ്റും പോലിസ് സന്നിധാനത്ത് എത്തിച്ച് ആചാരലംഘനം നടത്തുമോ എന്നാണ് അയ്യപ്പഭക്തരും, ഹിന്ദു സംഘടനകളും സംശയിക്കുന്നത്. തെരഞ്ഞെടുപ്പ് കാലത്ത് ആചാരലംഘനം തടഞ്ഞ് ഹിന്ദു വോട്ട് നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധിച്ച സര്‍ക്കാര്‍ വീണ്ടും യുവതി പ്രവേശനത്തിന് സഹായവുമായി മുന്നോട്ട് പോകാന്‍ സാധ്യതയുണ്ടെന്ന് സംഘടനകള്‍ മുന്നറിയിപ്പ് നല്‍കുന്നു.
കനത്ത സുരക്ഷയാണ് ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിലയ്ക്കലിലും, സന്നിധാനത്തും എസ്പിമാരെ നിയോഗിച്ചിട്ടുണ്ട്. നിലയ്ക്കലില്‍ നിന്ന് ഭക്തരുടെ വാഹനം കടത്തി വിടുന്നില്ല.
Discussion about this post