കള്ളവോട്ട് തടയണമെങ്കിൽ ബുർഖ ധരിച്ചെത്തുന്നവരെ വോട്ട് ചെയ്യാൻ അനുവദിക്കാതിരിക്കണമെന്ന സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ പ്രസ്താവനയ്ക്കെതിരെ മുസ്ലീം ലീഗ് .
കമ്യൂണിസ്റ്റ് മനസിനകത്ത് ഉറങ്ങിക്കിടക്കുന്ന കമ്യൂണലിസത്തിന്റെ തനി രൂപമാണു ജയരാജനിലൂടെ പുറത്തുവന്നിരിക്കുന്നതെന്നു ലീഗ് ജില്ലാ നേതൃത്വം പ്രതികരിച്ചു. വിശ്വാസവും ആചാരവും നിരാകരിച്ചുവേണം പോളിങ് ബൂത്തിലെത്തേണ്ടതെന്നു പറഞ്ഞാൽ അത് അംഗീകരിക്കാനാകില്ലെന്നു ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽകരിം ചേലേരി പറഞ്ഞു.
റീ പോളിങ്ങുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം കലക്ടർ വിളിച്ചുചേർത്ത യോഗത്തിൽ എൽഡിഎഫ് തിരഞ്ഞെടുപ്പു കമ്മിറ്റി സെക്രട്ടറി കെ.കെ.രാഗേഷ് എംപിയും ഇതേ ആവശ്യം ഉയർത്തിയിരുന്നു. അതിനു ശേഷമായിരുന്നു ജയരാജന്റെ പരാമർശം .
മാത്രമല്ല പർദ ധരിച്ച് വോട്ട് ചെയ്യാൻ എത്തിച്ചേരുന്നവരുടെ കാര്യത്തിൽ മുഖാവരണം മാറ്റിയാൽ മാത്രമേ വോട്ടറെ തിരിച്ചറിയാൻ കഴിയൂ എന്നതിനാൽ അത് കർശനമായി നടപ്പാക്കണമന്നാവശ്യപ്പെട്ടു ജയരാജൻ മുഖ്യതിരഞ്ഞെടുപ്പ് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർക്കും കലക്ടർക്കും പരാതി നൽകി.
പിലാത്തറയിൽ നടന്ന യോഗത്തിൽ സംസാരിക്കുന്നതിനിടയിലായിരുന്നു ജയരാജന്റെ പരാമർശം . കള്ളവോട്ട് നടന്നതിനെ തുടർന്ന് റീപോളിംഗ് നടക്കുന്ന സ്ഥലമാണ് പിലാത്തറ .ക്യൂവിൽ മുഖം മറച്ചു നിൽക്കുന്നവരെ എങ്ങനെ തിരിച്ചറിയാനാകും . ക്യാമറയുടെ മുന്നിലും മുഖം മറച്ചെത്തിയാൽ കള്ളവോട്ട് ചെയ്തവരെ എങ്ങനെ തിരിച്ചറിയുമെന്നും ജയരാജൻ ചോദിച്ചു .
മുസ്ലീം സ്ത്രീകളെ ലക്ഷ്യമിട്ടാണ് ജയരാജൻ ഇത്തരത്തിൽ ഒരു പ്രസ്താവന നടത്തിയതെന്നും , കള്ളവോട്ടുകൾ ചെയ്യാറുണ്ടെന്നാണ് പരോക്ഷമായി പറഞ്ഞതെന്നും കാട്ടി പ്രതിഷേധമുയരുന്നുണ്ട് .
Discussion about this post