കേരളത്തിലെ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ ഏറ്റവും നഷ്ടം സംഭവിച്ചത് സിപിഎം നേതാവ് പി ജയരാജനാണ്. കണ്ണൂര്‍ ജില്ല സെക്രട്ടറി സ്ഥാനമെന്ന ഉന്നത പദവിയും, ലോകസഭാംഗം എന്ന സ്വപ്‌നവും നഷ്ടപ്പെട്ട പി ജയരാജന്‍ സിപിഎമ്മിലെ സട കൊഴിഞ്ഞ സിംഹത്തിന്റെ നിലയിലാണ്.
വടകരയില്‍ 84,663 വോട്ടിന്റെ വലിയ ഭൂരിപക്ഷത്തിലാണ് കെ മുരളീധരന്‍ കണ്ണൂരിലെ സിപിഎമ്മിന്റെ ഏറ്റവും ശക്തനായ നേതാവിനെ മലയര്‍ത്തിയിടിച്ചത്. ഇത്ര വലിയ ഭൂരിപക്ഷം പി ജയരാജന്റെ അക്രമ രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയാണ് എന്നാണ് വിലയിരുത്തല്‍. ടിപിയുടെ മണ്ണില്‍ കേസിലെ പ്രതിസ്ഥാനത്തെന്ന് ആരോപണമുയര്‍ന്ന നേതാവ് തോറ്റമ്പിയത് സിപിഎമ്മിനും കനത്ത പാഠമായി.
നേരത്തെ ജില്ല സെക്രട്ടറി സ്ഥാനം ഒഴിഞ്ഞാണ് പി ജയരാജന്‍ വടകരയില്‍ മത്സരിക്കാനെത്തിയത്. ജയരാജന്റെ രാജിക്ക് പിന്നാലെ മുഖ്യമന്ത്രിയുടെ മുഖ്യ ഉപദേശകനായിരുന്ന എംവി ജയരാജനെ അവിടെ നിന്ന് തിടുക്കത്തില്‍ എത്തിച്ച് കണ്ണൂര്‍ ജില്ല സെക്രട്ടറിയായി നിയോഗിച്ചു. സാധാരണ ജില്ല സെക്രട്ടറിമാര്‍ തെരഞ്ഞെടുപ്പ് മത്സരത്തിനായി സ്ഥാനമൊഴിയുമ്പോള്‍ മറ്റാര്‍ക്കെങ്കിലും താല്‍ക്കാലിക ചുമതല നല്‍കുകയാണ് പതിവ്. കോട്ടയത്ത് വി.എന്‍ വാസവന്‍ സ്ഥാനാര്‍ത്ഥിയായപ്പോള്‍ അവിടെ മറ്റൊരാള്‍ക്ക് താല്‍ക്കാലിക ചുമതലയാണ് നല്‍കിയത്. പി ജയരാജന്റെ കാര്യത്തില്‍ സിപിഎം കടംവെട്ട് നടത്തുകയായിരുന്നു എന്നാണ് അന്ന് തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നത്.
കണ്ണൂര്‍ രാഷ്ട്രീയത്തിലെ ശക്തനായ നേതാവ് പി ജയരാജനെതിരെ പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. വ്യക്തി പൂജ ഉള്‍പ്പടെയുള്ള ആരോപണങ്ങള്‍ ഉയര്‍ത്തി, ജില്ല സെക്രട്ടറി സ്ഥാനത്തേക്ക് ജയരാജനെ കൊണ്ടുവരാതിരിക്കാന്‍ നീക്കം നടത്തിയിരുന്നു. എന്നാല്‍ ഇതിനെയെല്ലാം അതിജീവിച്ചായിരുന്നു പി ജയരാജന്‍ ജില്ല സെക്രട്ടറി സ്ഥാനത്തേക്ക് എത്തിയത്. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് വരെ ഉയര്‍ന്നു വരാന്‍ സാധ്യതയുള്ള പി ജയരാജനെ സ്ഥാനാര്‍ത്ഥിത്വം നല്‍കി ഒതുക്കി, കണ്ണൂരിലെ പാര്‍ട്ടിയെ വകുതിയിലാക്കാനുള്ള പിണറായിയുടെ നീക്കം ഫലം കണ്ടു. അപ്പോഴെല്ലാം വടകരയില്‍ ജയിക്കാമെന്നായിരുന്നു പി ജയരാജന്റെയും അണികളുടെയും കണക്ക് കൂട്ടല്‍. എന്നാല്‍ വലിയ മാര്‍ജിനില്‍ കണ്ണൂരില്‍ തോറ്റതോടെ ‘പണി പാളിയ’ അവസ്ഥയിലാണ് പി ജയകരാജനും സംഘവും.
ഫസല്‍ വധക്കേസിലും മറ്റും സിബിഐ അന്വേഷണം നേരിടുന്ന പി ജയരാജന് പാര്‍ട്ടി പദവിയില്ലാതെ അതിനെ പ്രതിരോധിക്കുക എളുപ്പമാവില്ല. ജില്ല സെക്രട്ടറി സ്ഥാനത്തേക്കുള്ള തിരിച്ചു വരവും എളുപ്പമല്ലെന്നാണ് വിലയിരുത്തല്‍. ഇത്തരമൊരു സാഹചര്യത്തില്‍ പാര്‍ട്ടിക്കകത്ത് പി ജയരാജന്‍ സ്വീകരിക്കുന്ന നിലപാടുകള്‍ നിര്‍ണായകമാകും. തെരഞ്ഞെടുപ്പ് തോല്‍വിയ്ക്ക് പിന്നാലെ പാര്‍ട്ടിക്കകത്ത് പൊട്ടിത്തെറിയ്ക്ക് ജയരാജന്റെ ഇടപെടലുകള്‍ വഴിയൊരുക്കുമോ എന്ന ആശങ്ക സിപിഎം നേതൃത്വത്തിനുണ്ട്.
Discussion about this post