ലൗകിക സുഖങ്ങള്‍ ഉപേക്ഷിച്ച് സന്യാസജീവിതത്തിലേക്ക് പ്രവേശിക്കാനുള്ള തീരുമാനമെടുത്തിരിക്കുകയാണ് ഖുഷിയെന്ന പന്ത്രണ്ട് വയസ്സുകാരി. ബുധനാഴ്ച ജൈന സന്യാസിയാകാനുള്ള ദീക്ഷ സ്വീകരിച്ചു. ഖുഷിയുടെ തീരുമാനത്തെ കുടുംബാംഗങ്ങള്‍ സന്തോഷത്തോടെയാണ് സ്വീകരിച്ചത്.
നാം ഈ ലോകത്ത് അനുഭവിക്കുന്ന സുഖങ്ങള്‍ എല്ലാം തന്നെ താത്ക്കാലികം ആണെന്നും മോക്ഷപ്രാപ്തി ലഭിക്കാനുള്ള ഏക മാര്‍ഗം ലളിതമായ ജീവിതം നയിക്കുന്നത് ആണെന്നും ഖുഷി പറയുന്നു. കുടുംബത്തില്‍ നിന്നും നാല് പേര് സന്യാസജീവിതം സ്വീകരിച്ചിട്ടുണ്ട് എന്നും എട്ടാമത്തെ വയസ്സിലാണ് ലൗകിക ജീവിതം ഉപേക്ഷിക്കേണ്ടത് എന്നും തന്റെ കാര്യത്തില്‍ അത് വൈകിയെന്നും ഖുഷി പറയുന്നു.
ചെറുപ്രായത്തില്‍ തന്നെ മകള്‍ക്ക് ഇത്തരമൊരു തോന്നലുണ്ടായത്തില് അതീവ സന്തോഷമുണ്ടെന്ന് ഖുഷിയുടെ പിതാവ് വിനീത് ഷാ പറയുന്നു. ലക്ഷകണക്കിന് ആളുകള്‍ക്ക് വെളിച്ചം പകരാന്‍ തന്റെ മകള്‍ക്ക് കഴിയുന്നതില്‍ അഭിമാനമുണ്ട് എന്നും വിനീത് ഷാ കൂട്ടിച്ചേര്‍ത്തു.
ഖുഷി ഒരു ഡോക്ടര്‍ ആയി തീരണം എന്നായിരുന്നു തങ്ങള്‍ ആഗ്രഹിച്ചിരുന്നത് എന്നും എന്നാലിപ്പോള്‍ മകളുടെ ആഗ്രഹം സാധിച്ചു കൊടുക്കുന്നതില്‍ അത്യധികം സന്തോഷമുണ്ടെന്നും പിതാവ് കൂട്ടിച്ചേര്‍ത്തു.
Discussion about this post