ന്യൂഡൽഹി : പുതിയ ലോക്സഭാ സ്പീക്കർ ആയി തിരഞ്ഞെടുക്കപ്പെട്ട ശേഷം ഓം ബിർള നടത്തിയ ആദ്യ പ്രസംഗത്തിൽ പ്രതിഷേധവുമായി കോൺഗ്രസ്. ഇന്ത്യയിൽ ഭരണഘടനയെ ആക്രമിച്ച വ്യക്തി ഇന്ദിരാഗാന്ധി ആണെന്നും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിലൂടെ സ്വേച്ഛാധിപത്യമാണ് ഇന്ദിരാ ഗാന്ധി നടത്തിയത് എന്നുമുള്ള ഓം ബിർളയുടെ പരാമർശമാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്. തുടർന്ന് സഭയിൽ കോൺഗ്രസ് ബഹളം സൃഷ്ടിച്ചു.
“ജനാധിപത്യത്തിന്റെ മാതാവ് ആയിട്ടാണ് ഇന്ത്യ ലോകമെമ്പാടും അറിയപ്പെടുന്നത്. എന്നാൽ
1975 ജൂൺ 25 ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത അധ്യായമായി എന്നും അറിയപ്പെടുന്നു. ഈ ദിവസം, അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി രാജ്യത്ത് അടിയന്തരാവസ്ഥ ഏർപ്പെടുത്തുകയും ബാബാസാഹെബ് അംബേദ്കർ നിർമ്മിച്ച ഭരണഘടനയെ ആക്രമിക്കുകയും ചെയ്തു. ഇന്ദിരാഗാന്ധി രാജ്യത്ത് ഏകാധിപത്യം അടിച്ചേൽപ്പിച്ചു. ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങൾ തകർത്തു. അഭിപ്രായ സ്വാതന്ത്ര്യത്തെ കഴുത്തു ഞെരിച്ചു,” എന്ന സ്പീക്കർ ഓം ബിർളയുടെ പ്രസംഗത്തോടെ ലോക്സഭയിൽ പ്രതിപക്ഷം ബഹളം ആരംഭിക്കുകയും പ്രതിഷേധിച്ചു നടുത്തളത്തിൽ കുത്തിയിരിക്കുകയും ചെയ്തു.
എന്നാൽ പ്രതിപക്ഷത്തിന്റെ വലിയ ബഹളത്തിനും പ്രതിഷേധത്തിനും ഇടയിലും സ്പീക്കർ തന്റെ പ്രസംഗം തുടർന്നത് ശ്രദ്ധേയമായി.
ഇന്ത്യൻ പൗരന്മാരുടെ അവകാശങ്ങൾ തകർക്കപ്പെടുകയും അവരുടെ സ്വാതന്ത്ര്യം കവർന്നെടുക്കപ്പെടുകയും ചെയ്തുവെന്ന് അദ്ദേഹം വ്യക്തമാക്കി. “പ്രതിപക്ഷ നേതാക്കൾ ജയിലിൽ അടക്കപ്പെട്ട, രാജ്യം മുഴുവൻ ജയിലായി മാറിയ കാലമായിരുന്നു അത്. അന്നത്തെ സ്വേച്ഛാധിപത്യ ഗവൺമെൻ്റ് മാദ്ധ്യമങ്ങൾക്ക് പോലും നിരവധി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ജുഡീഷ്യറിയുടെ സ്വയംഭരണത്തിനും നിയന്ത്രണം ഉണ്ടായിരുന്നു. 1975ലെ അടിയന്തരാവസ്ഥ ഏർപ്പെടുത്താനുള്ള തീരുമാനത്തെ ഈ സഭ ശക്തമായി അപലപിക്കുന്നു. അടിയന്തരാവസ്ഥയെ എതിർക്കുകയും ഇന്ത്യയുടെ ജനാധിപത്യം സംരക്ഷിക്കാനുള്ള ഉത്തരവാദിത്തിന് വേണ്ടി പോരാടുകയും നിറവേറ്റുകയും ചെയ്ത എല്ലാവരുടെയും ദൃഢനിശ്ചയത്തെ ഞങ്ങൾ അഭിനന്ദിക്കുന്നു” എന്നും സ്പീക്കർ വ്യക്തമാക്കി.
Discussion about this post