എല്ലാ രാജ്യങ്ങളും 2010 മുതൽ ഉൽപാദനം നിര്‍ത്തിയെന്ന് അവകാശപ്പെടുന്ന ക്ലോറോ ഫ്ലൂറോ കാർബൺ (സിഎഫ്സി–11) വീണ്ടും ഭീതി പരത്തി രംഗത്തു വന്നിരിക്കുകയാണ്.ചൈനയാണ് ഇതിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍
‘2007 മുതൽ സിഎഫ്സി–11 ഉൽപാദിപ്പിക്കുന്നില്ലെന്നായിരുന്നു ചൈനയുടെ അവകാശവാദം. ഓസോൺ പാളിയെ സംരക്ഷിക്കുന്നതിനുള്ള മോൺട്രിയോൾ പ്രോട്ടോക്കോൾ അനുസരിച്ച് 2010 മുതൽ സിഎഫ്സി–11 ഉൽപാദനം എല്ലാ രാജ്യങ്ങളും പൂർണമായി നിർത്തിവച്ചതുമാണ്. എന്നാൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി ചൈനയിൽ വൻതോതിൽ സിഎഫ്സി–11 ഉൽപാദിപ്പിക്കപ്പെടുന്നുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. വിവിധ രാജ്യങ്ങളിലെ ഗവേഷകർ ഏറ്റവും പുതിയ കാലാവസ്ഥാ മാതൃകകൾ അപഗ്രഥിച്ചു തയാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.
സിഎഫ്സി–11ന്റെ ചൈനയിലെ ഉറവിടം ഇതുവരെ ഗവേഷകർക്ക് കൃത്യമായി കണ്ടെത്താനായിട്ടില്ല. ഇക്കാര്യത്തിൽ ചൈനീസ് സർക്കാർ ഇതുവരെ നിലപാടും വ്യക്തമാക്കിയിട്ടില്ല. 2018ൽ യുഎസ് നാഷനൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫറിക് അഡ്മിനിസ്ട്രേഷന്റെ റിപ്പോർട്ട് പ്രകാരം അന്തരീക്ഷത്തിലെ സിഎഫ്സി–11യുടെ അളവ് കുറഞ്ഞിരുന്നതായി കണ്ടെത്തിയിരുന്നു. എന്നാൽ അതു പ്രതീക്ഷിച്ച വിധത്തിലുള്ള കുറവായിരുന്നില്ലെന്നും ഹവായി ദ്വീപ് കേന്ദ്രീകരിച്ചുള്ള പഠനത്തിൽ തെളിഞ്ഞു. ഏഷ്യൻ മേഖലയിൽ നിന്നു വരുന്ന കാറ്റിലായിരുന്നു അന്ന് സിഎഫ്സി–11ന്റെ സാന്നിധ്യം. തുടർന്ന് എല്ലാ രാജ്യങ്ങളിലെയും ഗവേഷകരുടെ കൺസോർഷ്യത്തിന് ഇതു സംബന്ധിച്ച് അന്വേഷണത്തിന് നിർദേശവും നൽകി.
2008നും 2012നും ഇടയ്ക്ക് കിഴക്കൻ ചൈനയിലെ ഏതോ അജ്ഞാത കേന്ദ്രത്തിൽ നിന്ന് ഏകദേശം 6400 മെട്രിക് ടൺ സിഎഫ്സി–11 ഉൽപാദിപ്പിക്കപ്പെട്ടിട്ടുണ്ട്. 2014–17 കാലഘട്ടത്തിൽ ഇത് 13,400 മെട്രിക് ടണ്ണിലേക്ക് ഉയർന്നു. ഇപ്പോഴും ഉൽപാദനം തുടർന്നുകൊണ്ടിരിക്കുകയാണ്.
Discussion about this post