ഇസ്ലാമാബാദ്: കഴിഞ്ഞ ഏതാനും ദിവസങ്ങളായി വലിയ പൊതുജന പ്രക്ഷോഭത്തിനാണ് പാകിസ്താൻ വേദിയാകുന്നത്. പാക് അധീന കശ്മീരിൽ ഭരണകൂടത്തിനെതിരെ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധത്തിന്റെ ജ്വാലകൾ അതിവേഗത്തിൽ രാജ്യമൊട്ടാകെ പടർന്നു. ഒരു നേരത്തിനുള്ള അന്നം പോലും ലഭിക്കാത്ത സാഹചര്യമായിരുന്നു തെരുവിലറങ്ങാൻ പാക് ജനതയെ പ്രേരിപ്പിച്ചത്. സ്വന്തം നേട്ടങ്ങൾക്ക് വേണ്ടി ഭരണകർത്താക്കൾ നയങ്ങൾ നടപ്പിലാക്കിയപ്പോൾ അടിത്തറ ഇളകിയത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടേത് ആയിരുന്നു.
പണപ്പെരുപ്പം ചരിത്രത്തിലെ തന്നെ ഏറ്റവും ഉയരത്തിൽ എത്തി. ഉപ്പുതൊട്ട് കർപ്പൂരം വരെ വില വർദ്ധിച്ചു. ഇതോടെ സാധാരണക്കാർക്ക് മൂന്ന് നേരത്തെ ഭക്ഷണം എന്നത് ഓർമ്മ മാത്രമായി മാറി. പാകിസ്താനിലെ ജനങ്ങളുടെ അവസ്ഥ പരിതാപകരം ആണ് എങ്കിലും രാഷ്ട്രീയ നേതാക്കളുടെയും സൈനിക ഉദ്യോഗസ്ഥരുടെയുമൊക്കെ കാര്യം നേരെ മറിച്ചാണ്. ദശലക്ഷക്കണക്കിന് രൂപയുടെ സ്വത്തുക്കളാണ് ഇവർക്കുള്ളത്. അതും സ്വന്തം രാജ്യത്ത് അല്ല. അങ്ങ് ദുബായിൽ.
പാകിസ്താനിലെ 17,000 വരുന്ന ധനികർക്കാണ് ദുബായിൽ ഭൂമിയും മറ്റ് വസ്തുവകകളും ഉള്ളത് എന്നാണ് റിപ്പോർട്ടുകൾ. ബാങ്കുകളിൽ വൻ നിക്ഷേപങ്ങൾ വേറെയും. പാകിസ്താൻ പ്രധാനമന്ത്രി, പ്രസിഡന്റ്, സൈനിക മേധാവി, എന്നിവരും ദുബായിൽ നിക്ഷേപമുള്ളവരുടെ പട്ടികയിൽ ഉൾപ്പെടുന്നു. 23,000 വസ്തുക്കളാണ് പാകിസ്താനിലെ ധനികരുടേത് ആയി ദുബായിൽ ഉള്ളത്. ഇവയ്ക്ക് ഏകദേശം 12.5 ബില്യൺ ഡോളർ വിലമതിക്കുമെന്നാണ് കണക്കുകൾ. അതായത് 22 ബില്യൺ പാകിസ്താൻ രൂപ. ബാങ്കുകളിലെ വൻകിട നിക്ഷേപങ്ങളും കണക്കിലെടുക്കുമ്പോൾ ഈ തുക ഇനിയും ഉയരും. വലിയ കടക്കെണിയിലും പട്ടിണിയിലും രാജ്യം മുങ്ങി നിൽക്കുമ്പോഴാണ് സമ്പന്നരുടെ ദുബായിലെ വസ്തുവകൾ പുറത്തുവരുന്നത്. സമാനമായ രീതിയിൽ മറ്റ് രാജ്യങ്ങളിലും ഇവർക്ക് നിക്ഷേപമുണ്ടെന്നാണ് സൂചന.
നിലവിൽ 128 ബില്യൺ ഡോളറിന്റെ കടമാണ് പാകിസ്താനുള്ളത്. വീണ്ടും കടം വാങ്ങിയെങ്കിൽ മാത്രമേ നിലവിലെ സാഹചര്യത്തിൽ ഈ കടം വീട്ടാൻ പാകിസ്താന് കഴിയൂ. എങ്കിലും തീരുന്നല്ല പാകിസ്താന്റെ പ്രതിസന്ധി. ആഭ്യന്തര കാര്യങ്ങൾക്കായി ഇനിയും തുക കണ്ടെത്താനുണ്ട്.
നികുതിയാണ് പാകിസ്താന്റെ പ്രധാന വരുമാന മാർഗ്ഗം. അതിനാൽ തന്നെ നികുതി ഇരട്ടിയാക്കി സാധാരണക്കാരന് മേൽ ഭാരം അടിച്ചേൽപ്പിക്കുകയാണ് നിലവിൽ പാക് ഭരണകൂടം ചെയ്തിരിക്കുന്നത്. അവശ്യസാധനങ്ങൾക്ക് നികുതി വർദ്ധിപ്പിച്ചത് വൻ വിലക്കയറ്റത്തിലേക്ക് നയിച്ചു. ഇതോടെ സാധാരണക്കാർ പ്രതിസന്ധിയിലായി. വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചത് പാക് ജനതയുടെ ജീവിതം വീണ്ടും പ്രതിസന്ധിയിലാക്കി. രാജ്യത്ത് ജീവിക്കാൻ വഴിയില്ലാത്ത ഘട്ടം എത്തിയപ്പോഴായിരുന്നു പാകിസ്താനിലെ ജനങ്ങൾ പ്രതിഷേധത്തിന്റെ മാർഗ്ഗം സ്വീകരിച്ചത്. വരും ദിവസങ്ങളിൽ പ്രതിഷേധം വീണ്ടും ശക്തമാകും. എന്നാൽ പ്രശ്‌നപരിഹാരത്തിന് പകരം സൈനിക ശക്തി ഉപയോഗിച്ച് പ്രതിഷേധങ്ങളെ അമർച്ച ചെയ്യുകയാണ് പാക് ഭരണകൂടം.
Discussion about this post