പാലാരിവട്ടം മേൽപാലത്തിന്റെ കാര്യത്തിൽ ഇപ്പോൾ ചെയ്യുന്നതൊന്നും ശാശ്വത പരിഹാരമല്ലെന്ന് ഡിഎംആർസി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരൻ. മാറ്റിപ്പണിയുന്നതു മാത്രമാണ് ഉചിത മാർഗം. ഗർഡറുകളെല്ലാം മാറ്റണം. പുതിയവ ഉപയോഗിക്കണം. ഇളക്കം തട്ടിയ ഗർഡറുകൾ വീണ്ടും യോജിപ്പിക്കുന്നത് നല്ലതല്ല. പാലങ്ങൾക്ക് 100 വർഷത്തിനു മീതെ ആയുസ്സ് വേണ്ടതാണ്. പൊടിക്കൈകൾ കൊണ്ടു പാലം നിലനിർത്തുന്നതു ശരിയല്ലെന്നും ഇ.ശ്രീധരൻ പറഞ്ഞു.പ്രമുഖ സ്വകാര്യ മാധ്യമത്തിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാലത്തിന്റെ ഡിസൈൻ തന്നെ ശരിയല്ല. ഉദ്യോഗസ്ഥരുടെ മേൽനോട്ടം ഇവിടെ വേണ്ടവിധം ഉണ്ടായോയെന്നു സംശയമുണ്ട്. ഗർഡറുകൾ കൂട്ടിയിണക്കാൻ ആവശ്യത്തിനു ഡയഫ്രം ഉപയോഗിക്കാത്തതാണു വാഹനം പോകുമ്പോൾ പാലം ഇളകുന്നതിനുള്ള മുഖ്യകാരണം. പാലാരിവട്ടം പാലത്തിൽ ആവശ്യത്തിനു ‘മിഡിൽ ഡയഫ്രം’ ഉപയോഗിച്ചിട്ടില്ലെന്നാണു തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു.
ദേശീയപാതയിലുള്ള പാലങ്ങൾ സംസ്ഥാനം ഏറ്റെടുത്തു ചെയ്യേണ്ടതുണ്ടോ എന്നു പരിശോധിക്കണം. ദേശീയപാത അതോറിറ്റിക്കു സംവിധാനങ്ങളുണ്ട്. കരാറുകൾ നൽകാൻ വേണ്ടി മാത്രം മേൽപാലം പോലുള്ള പദ്ധതികൾ തുടങ്ങുന്നതു ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post