ഡല്‍ഹി: വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ധമാനെ പരിഹസിച്ച് പാക്കിസ്ഥാന് ചാനലില്‍ പരസ്യം. ലോകകപ്പ് ക്രിക്കറ്റ് സംപ്രേഷണം ചെയ്യുന്ന ജാസ് ടി.വിയുടെ ഇന്ത്യ പാക് കളിയെ കുറിച്ചുള്ള പരസ്യത്തിലാണ് അഭിനന്ദനെ പരിഹാസപൂര്‍വ്വം അനുകരിച്ചിരിക്കുന്നത്.അഭിനന്ദന്റെ പ്രത്യേക രീതിയിലുള്ള മീശയുള്പ്പെടെയുള്ള രൂപത്തെ പരസ്യത്തില്‍ അനുകരിച്ചിട്ടുണ്ട്.രാജ്യത്തിന്റെ രഹസ്യ വിവരങ്ങളെ കുറിച്ച് ചോദിക്കുമ്പോള്‍ ‘ക്ഷമിക്കണം, അതേക്കുറിച്ച് നിങ്ങളോട് വെളിപ്പെടുത്താനാകില്ല’ എന്ന് അഭിനന്ദന് പാക്ക് സൈന്യത്തിന് നല്കിയ ധീരമായ മറുപടിയെ പരിഹാസ പൂര്‍വമാണ് പരസ്യത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്.
ഇന്ത്യയുടെ പ്ലേയിങ് ഇലവനെ കുറിച്ച് ദൃശ്യത്തിന് പുറത്തുള്ളവര്‍ ചോദിക്കുന്ന ചോദ്യത്തിന് പരസ്യത്തിലെ കഥാപാത്രം പേടിയോടെ മറുപടി നല്‍കുന്നതായാണ് കാണിക്കുന്നത്. എല്ലാ ചോദ്യങ്ങള്‍ക്കും ‘ക്ഷമിക്കണം, അതേക്കുറിച്ച് നിങ്ങളോട് വെളിപ്പെടുത്താനാകില്ല’ എന്ന മറുപടി നല്‍കുന്നതായാണ് പരസ്യത്തിലുമുള്ളത്. പിന്നീട് ചായ എങ്ങനെയുണ്ടെന്ന ചോദിക്കുമ്പോള്‍ കൊള്ളാം എന്ന് ഉത്തരം നല്കി രക്ഷപ്പെട്ട ആശ്വാസത്തില്‍ പോകുന്ന ഇയാളെ പിടിച്ചു നിര്‍ത്തി കൈയിലുള്ള ചായക്കപ്പ് തിരികെ വാങ്ങിക്കുന്നു. ശേഷം ‘കപ്പ് നമുക്ക് നേടാം’ എന്നര്‍ഥം വരുന്ന ‘ലെറ്റ്സ് ബ്രിങ് ദി കപ്പ് ഹോം’ എന്ന ഹാഷ് ടാഗ് സ്ക്രീനില്‍ തെളിഞ്ഞു വരുന്നത് വരെയാണ് പരസ്യം.
ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചെത്തിയ പാക്ക് സൈന്യത്തെ പിന്തുടര്ന്ന് നേരിട്ട സമയത്താണ് അഭിനന്ദന് പാക്ക് പിടിയിലായത്. പിടിയിലായ സമയത്ത് അഭിനന്ദന് പാക് സൈനികര്‍ക്ക് നല്കിയ മറുപടിയും അവര്‍ക്കൊപ്പം ചായ കുടിക്കുന്ന ദൃശ്യങ്ങളും പാകിസ്ഥാന് പുറത്തു വിട്ടിരുന്നു. ഈ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചാരം ലഭിക്കുകയും ചെയ്തിരുന്നു.
Discussion about this post