സ്വകാര്യ ബസുകളുടെ വാതിലടക്കാതെ തുറന്നിട്ട് ഓടിയ ഡ്രൈവര്‍മാരുടെയും കണ്ടക്ടര്‍മാരുടെയും ലൈസന്‍സ് മോട്ടോര്‍ വാഹനവകുപ്പ് സസ്പെന്‍ഡ് ചെയ്തു. വാതിലുണ്ടായിട്ടും തുറന്നിട്ട് ഓടിയ 25 ഡ്രൈവര്‍മാരുടെ ലൈസന്‍സാണ് റദ്ദു ചെയ്തത്.
2019 ജനുവരി ഒന്നു മുതല്‍ ജൂണ്‍ 11 വരെ കാക്കനാട്, തൃപ്പൂണിത്തുറ, ആലുവ, കളമശ്ശേരി, അങ്കമാലി, പറവൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ നടത്തിയ പരിശോധനകളെ തുടര്‍ന്നാണ് നടപടി.
ഔദ്യോഗിക വേഷത്തില്‍ പരിശോധനയ്ക്കായി ഉദ്യോഗസ്ഥര്‍ എത്തുമ്പോള്‍ ബസ് ജീവനക്കാര്‍ വാതിലുകള്‍ അടച്ചാണ് സര്‍വീസ് നടത്തുക . ഇത് മറികടക്കുന്നതിനായി സിവില്‍ ഡ്രസ്സിലാണ് പരിശോധന നടത്തിയത്. റോഡിന്റെ പലഭാഗങ്ങളില്‍ നിന്നും ബസുകളെ മഫ്തി ഡ്രസ്സില്‍ നിരീക്ഷിച്ച ഉദ്യോഗസ്ഥര്‍ കയര്‍ കെട്ടിവെച്ചും , വാതില്‍ തുറന്നിട്ടും സര്‍വീസ് നടത്തുന്ന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണ്‍ വഴി പകര്‍ത്തിയെടുക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
വാതില്‍ കെട്ടിവെച്ച് സര്‍വീസ് നടത്തിയതിനാണ് കണ്ടക്ടര്‍മാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തത് . ഡ്രൈവര്‍മാര്‍ നിയന്ത്രിക്കുന്ന ഓട്ടോമാറ്റിക് ഡോര്‍ സംവിധാനം തുറന്നുവെച്ച് ബസ് സര്‍വീസ് നടത്തിയതിനാണ് ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദ് ചെയ്തത്. ബസില്‍ യാത്ര ചെയ്യുന്ന യാത്രക്കാരെ എത്തിക്കേണ്ട സ്ഥലങ്ങളില്‍ എത്തിച്ച ശേഷമായിരുന്നു ബസ് കസ്റ്റഡിയില്‍ എടുത്തത്.
Discussion about this post