കാര്‍ട്ടൂണ്‍ വിവാദത്തില്‍ സര്‍ക്കാരിന്റെയും പ്രതിപക്ഷ നേതാവിന്റെയും നിലപാടുകള്‍ ആത്മാര്‍ത്ഥതയോ ഉദ്ദേശശുദ്ധിയുള്ളതോ അല്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള.
ഹിന്ദു സമൂഹത്തിന്റെ വിശ്വാസങ്ങളേയും ആരാധനകളേയും ദൈവങ്ങളേയും അവഹേളിച്ചാല്‍ അതിന് ആവിഷ്‌കാര സ്വാതന്ത്ര്യമെന്ന ഓമനപ്പേരിട്ട് പിന്തുണ കൊടുക്കാന്‍ ഇടത് വലത് ഭേദമെന്യേ ജനപ്രതിനിധികള്‍ തമ്മില്‍ മത്സരമായിരുന്നു എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇരട്ടത്താപ്പ് കാണിക്കുമ്പോഴാണ് ഇവിടെ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്. കമ്യൂണിസ്റ്റ് – കോണ്‍ഗ്രസുകാര്‍ക്ക് താടിയുള്ളപ്പന്മാരെ മാത്രമേ പേടിയുള്ളൂ എന്നാണെങ്കില്‍ പേടിയ്ക്കുന്ന രീതിയില്‍ താടി വയ്ക്കാന്‍ മറ്റുള്ളവരും നിര്‍ബന്ധിതരാകുക സ്വഭാവികമാണ് എന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ഇപ്പോഴത്തെ കാര്‍ട്ടൂണ്‍ വിവാദത്തില്‍ സര്‍ക്കാരിന്റെയും പ്രതിപക്ഷ നേതാവിന്റെയും നിലപാടുകള്‍ ആത്മാര്‍ത്ഥതയോ ഉദ്ദേശശുദ്ധിയോ ഉള്ളതല്ല. ആവിഷ്‌കാരസ്വാതന്ത്ര്യവും ആത്മീയ ചിഹ്നങ്ങളോടുള്ള ബഹുമാനവും ഒരേപോലെ നിലനിര്‍ത്തണമെന്നുള്ളതാണ് ബിജെപി നിലപാട്.
സരസ്വതീദേവിയെ നഗ്‌നയായി വരച്ച, സീതാമാതാവിനെയും ഭാരതാംബയേയും അവഹേളിച്ചയാള്‍ക്ക് രാജാരവിവര്‍മ്മ പുരസ്‌കാരം കൊടുത്തത് മുന്‍ ഇടതു സര്‍ക്കാരിന്റെ കാലത്ത് സാംസ്‌കാരിക വകുപ്പ് മന്ത്രിയായ എം.എ ബേബിയാണ്. അതേ ബേബി തന്നെ ഒരു ചോദ്യപേപ്പറില്‍ മുഹമ്മദ് എന്ന പേരുപയോഗിച്ച ന്യൂമാന്‍ കോളേജിലെ ടിജെ ജോസഫ് എന്ന അദ്ധ്യാപകനെ മണ്ടന്‍ എന്നാണ് വിളിച്ചത് . മാത്രമല്ല അദ്ദേഹത്തിന്റെ പേരില്‍ കേസെടുത്തു. മകന് പൊലീസിന്റെ പീഡനം നേരിടേണ്ടിയും വന്നു. പിന്നെ അദ്ദേഹം അനുഭവിച്ചതെന്തെന്ന് നമുക്കെല്ലാവര്‍ക്കും അറിവുള്ളതുമാണ്.
അതേസമയം ഹിന്ദു സമൂഹത്തിന്റെ വിശ്വാസങ്ങളേയും ആരാധനകളേയും ദൈവങ്ങളേയും അവഹേളിച്ചാല്‍ അതിന് ആവിഷ്‌കാര സ്വാതന്ത്ര്യമെന്ന ഓമനപ്പേരിട്ട് പിന്തുണ കൊടുക്കാന്‍ ഇടത് വലത് ഭേദമെന്യേ ജനപ്രതിനിധികള്‍ മത്സരമായിരുന്നു. മീശ എന്ന നോവലില്‍ ഹിന്ദു സ്ത്രീകളെ അവഹേളിക്കുന്നതിനെതിരെ പ്രതിഷേധമുണ്ടായപ്പോള്‍ നോവലിസ്റ്റിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച പ്രതിപക്ഷ നേതാവാണ് ഇന്നു സഭയില്‍ അരങ്ങു തകര്‍ത്താടിയത്. ശിവലിംഗത്തെ അവഹേളിച്ച് ചിത്രം വരച്ച പെണ്‍കുട്ടിയെ സന്ദര്‍ശിച്ച് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതില്‍ പാര്‍ലമെന്റംഗം പോലും ഉണ്ടായിരുന്നു.
എല്ലാ വിശ്വാസങ്ങളേയും സംസ്‌കാരങ്ങളേയും ബഹുമാനിക്കുന്ന പാരമ്പര്യമാണ് ഭാരതത്തിനുള്ളത്. ഒട്ടനവധി ചിന്താധാരകള്‍ക്ക് അഭയം നല്‍കിയ നാടാണിത്. അതുകൊണ്ടു തന്നെ ഒരു വിശ്വാസത്തേയും അവഹേളിക്കുന്നതിനോട് ഒട്ടും യോജിപ്പില്ല. ഈ ചിന്താഗതി എല്ലാവരും വച്ചു പുലര്‍ത്തിയാല്‍ ഇവിടെ ഒരു പ്രശ്‌നങ്ങളുമുണ്ടാവുകയുമില്ല.
ഇരട്ടത്താപ്പ് കാണിക്കുമ്പോഴാണ് ഇവിടെ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്. കമ്യൂണിസ്റ്റ് – കോണ്‍ഗ്രസുകാര്‍ക്ക് താടിയുള്ളപ്പന്മാരെ മാത്രമേ പേടിയുള്ളൂ എന്നാണെങ്കില്‍ പേടിയ്ക്കുന്ന രീതിയില്‍ താടി വയ്ക്കാന്‍ മറ്റുള്ളവരും നിര്‍ബന്ധിതരാകുക സ്വാഭാവികമാണ്. ഇതൊക്കെ ഇടതു വലതു മുന്നണികള്‍ മനസ്സിലാക്കുകയും അവസരവാദ നിലപാടുകള്‍ ഒഴിവാക്കുകയും ചെയ്യണം.
Discussion about this post