മുന്‍മന്ത്രിയും എന്‍.സി.പി നേതാവുമായ തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്പാലസ് റിസോര്‍ട്ടിലെ അനധികൃത കെട്ടിടങ്ങള്‍ക്ക് നഗരസഭ ചുമത്തിയ പിഴയടക്കമുള്ള നികുതി വെട്ടിക്കുറയ്ക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം ആലപ്പുഴ നഗരസഭ തള്ളി. കമ്പനിയ്ക്ക് വേണമെങ്കില്‍ ട്രൈബ്യൂണലിനെ സമീപിക്കാമെന്ന് നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമെടുത്തു. യോഗതീരുമാനത്തെ എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ എതിര്‍ത്തു. റിസോര്‍ട്ടിന്റെ ലൈസന്‍സ് രണ്ട് മാസത്തേക്ക് കൂടി നീട്ടാനും നഗരസഭ തീരുമാനിച്ചിട്ടുണ്ട്.
തോമസ് ചാണ്ടിയുടെ ലേക്പാലസ് റിസോര്‍ട്ടിന് ചട്ടലംഘനത്തിന്റെ പേരില്‍ നഗരസഭ ചുമത്തിയത് 2.75 കോടി രൂപയാണ്. എന്നാല്‍ ഇതിനെതിരെ തോമസ് ചാണ്ടിയുടെ കമ്പനി സര്‍ക്കാരിന് അപ്പീല്‍ നല്കി. ഇതേതുടര്‍ന്ന് സര്‍ക്കാര്‍ പിഴത്തുക വെട്ടിക്കുറച്ചു. നഗരകാര്യ റീജണല്‍ ജോയിന്റ് ഡയറക്ടറുടെ റിപ്പോര്‍ട്ട് അനുസരിച്ച് കമ്പനി നഗരസഭയ്ക്ക് 35 ലക്ഷം രൂപ പിഴ ഒടുക്കിയാല്‍ മതിയെന്ന നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഇതിന്മേലാണ് ഇന്ന് ചേര്‍ന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമെടുത്തത്.
സര്‍ക്കാരിന്റെ തീരുമാനം നഗരസഭയുടെ അധികാരത്തിന്മേലുള്ള കൈകടത്തലാണെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.കാര്യങ്ങള്‍ വിശദമായി പരിശോധിച്ച ശേഷമാണ് 2.75 കോടി രൂപ പിഴയായി നിശ്ചയിച്ചത്. അതിനാല്‍ തന്നെ സര്‍ക്കാര്‍ നിര്‍ദ്ദേശം നടപ്പിലാക്കാനാവില്ലെന്ന് യു.ഡി.എഫ് അംഗങ്ങള്‍ യോഗത്തില്‍ വ്യക്തമാക്കി. ഇതിനെ എല്‍.ഡി.എഫ് അംഗങ്ങള്‍ എതിര്‍ത്തെങ്കിലും ഭൂരിപക്ഷ അഭിപ്രായപ്രകാരം സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തള്ളുകയായിരുന്നു.
Discussion about this post