ഡൽഹി: ഇന്ത്യൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യപ്രകാരം വിവാദ വജ്രവ്യവസായി നീരവ് മോദിയുടെ സഹോദരിയുടെയും സഹോദരീ ഭർത്താവിന്റെയും കോടിക്കണക്കിന് രൂപയുടെ ആസ്തികൾ സിംഗപ്പൂർ ഹൈക്കോടതി മരവിപ്പിച്ചു.
പൂർവി മോദിയുടെയും മായങ്ക് മെഹ്തയുടെയും ഉടമസ്ഥതയിൽ സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പവലിയൻ പോയിന്റ് കോർപ്പറേഷൻ എന്ന കമ്പനിയുടെ അക്കൗണ്ടുകളാണ് മരവിപ്പിച്ചിരിക്കുന്നത്. അക്കൗണ്ടിൽ ഏകദേശം നാൽപ്പത്തിയഞ്ച് കോടി രൂപയ്ക്ക് തുല്യമായ യു എസ് ഡോളറാണ് ഉണ്ടായിരുന്നത്.
ഇന്ത്യൻ ബാങ്കുകളിൽ നിന്ന് അനധികൃതമായി കടത്തിയ പണമാണിതെന്ന് സംശയിക്കുന്നു.
കുറച്ച് ദിവസങ്ങൾക്ക് മുൻപ് നീരവ് മോദിയുടെയും പൂർവ്വി മോദിയുടെയും സ്വിസ്സ് ബാങ്ക് അക്കൗണ്ടുകളും ഇന്ത്യയുടെ ആവശ്യപ്രകാരം മരവിപ്പിച്ചിരുന്നു.
കള്ളപ്പണ നിരോധന നിയമപ്രകാരം നീരവിന്റെയും പൂർവ്വിയുടെയും 541 കോടി രൂപ വില മതിക്കുന്ന യു എസ് ഡോളർ- ബ്രിട്ടീഷ് പൗണ്ട് നിക്ഷേപങ്ങൾ ഇന്ത്യൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിട്ടുണ്ട്.
പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് രണ്ട് ദശലക്ഷം യു എസ് ഡോളർ ക്രമക്കേട് നടത്തി തട്ടിയെടുത്ത കേസിൽ മാർച്ച് 19ന് സ്കോട്ട്ലൻഡ് യാർഡ് നീരവ് മോദിയെ അറസ്റ്റ് ചെയ്തിരുന്നു.
നീരവ് ഇപ്പോൾ ലണ്ടനിലെ വാൻഡ്സ്വർത്ത് ജയിലിലാണുള്ളത്.
തട്ടിപ്പും സാമ്പത്തിക ക്രമക്കേടും നടത്തി രാജ്യം വിട്ട നീരവ് മോദിക്കെതിരെ അന്താരാഷ്ട്ര തലത്തിൽ വല വിരിച്ചിരിക്കുകയാണ് ഭാരത സർക്കാർ.
Discussion about this post