അന്തരീക്ഷവായുവിലെ നീരാവിയില്‍ നിന്ന് ശുദ്ധജലം നിര്‍മ്മിയ്ക്കുന്ന സാങ്കേതികവിദ്യ കണ്ടെത്തി. ചെന്നൈ ഐ ഐ ടിയിലെ ഗവേഷകരാണ് ഈ സാങ്കേതിക വിദ്യ കണ്ടുപിടിച്ച് വാര്‍ത്താ ശ്രദ്ധ നേടിയിരിക്കുന്നത്.
സാങ്കേതികവിദ്യ കണ്ടെത്തുക മാത്രമല്ല കഠിനമായ ശുദ്ധജലക്ഷാമം നേരിടുന്ന ചെന്നൈയില്‍ പലയിടങ്ങളിലും ഇവര്‍ ജലം നിര്‍മ്മിയ്ക്കാനുള്ള കേന്ദ്രങ്ങളും സ്ഥാപിച്ചിട്ടുണ്ട്. ചെന്നൈ ഐ ഐ ടിയില്‍ പി എച് ഡി ചെയ്യുന്ന രമേഷ് കുമാര്‍, പ്രദീപ് ടി, അങ്കിത് നഗര്‍ എന്നീ ഗവേഷകരാണ് ഈ സാങ്കേതികവിദ്യയുടെ ഉപജ്ഞാതാക്കള്‍.
ഇവര്‍ മൂവരും ചേര്‍ന്ന് വായുജല്‍ എന്ന കമ്പനിയും ഇതിനായി രൂപീകരിച്ചിട്ടുണ്ട്. ചെന്നൈ ഐ ഐ ടി കാമ്പസില്‍ ദിവസേന നൂറുലിറ്റര്‍ വെള്ളമുണ്ടാക്കുന്ന പ്ലാന്റ് ഇവര്‍ സ്ഥാപിച്ചിട്ടുണ്ട്. സമാനമായ പ്ലാന്റുകള്‍ ചെന്നൈയില്‍ പലയിടത്തും സ്ഥാപിച്ചിട്ടുണ്ട്. അന്തരീക്ഷത്തില്‍ നീരാവിയുടെ അംശം കൂടുതലുള്ള ചെന്നൈ പോലെയൊരു നഗരത്തില്‍ ഇത് എളുപ്പമാനെന്നും എന്നാല്‍ വരണ്ട കാലാവസ്ഥയുള്ള രാജസ്ഥാന് പോലെയുള്ള സംസ്ഥാനങ്ങളില്‍ ഇതിന്റെ പ്രവര്‍ത്തനം പഠിച്ചുവരികയാണെന്നും ഗവേഷകര്‍ പറയുന്നു.
നാനോ, മൈക്രോ എഞ്ചിനീയറീങ്ങ് സങ്കേതങ്ങളുപയോഗിച്ച് അന്തരീക്ഷനീരാവിയുടെ സ്വേദനം സാദ്ധ്യമാക്കുകയാണ് ഈ സാങ്കേതികവിദ്യയുടെ കാതല്‍. ഇലകളിലും മരുഭൂമിയില്‍ ജീവിയ്ക്കുന്ന ചെടികളിലും നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഇവര്‍ ഈ സാങ്കേതികവിദ്യ ഉണ്ടാക്കിയിരിയ്ക്കുന്നത്.
നിലവില്‍ വളരെയധികം വൈദ്യുതി ഈ പ്രവര്‍ത്തനത്തിനായി വേണ്ടിവരുന്നു എന്നതാണ് ഈ സാങ്കേതികവിദ്യയുടേ ഏറ്റവും വലിയ ദോഷം. സൌരോര്‍ജ്ജമുപയോഗിച്ച് ഈ സാങ്കേതികവിദ്യ പ്രാവര്‍ത്തികമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ ഗവേഷകര്‍. നിലവില്‍ ആറു രൂപയ്ക്ക് ഒരു യൂണിറ്റ് വൈദ്യുതി ലഭിച്ചാല്‍ ഒരു ലിറ്റര്‍ വെള്ളം നിര്‍മ്മിയ്ക്കാന്‍ ചിലവാകുന്നത് ഏകദേശം രണ്ടുരൂപയാണ്. ഇത് ലിറ്ററിന് ഒന്നര രൂപയോ ഒരു രൂപയോ ആക്കി കുറയ്ക്കാനുള്ള ശ്രമത്തിലാണിവര്‍.
അന്തരീക്ഷ വായുവില്‍ നിന്ന് ജലമുണ്ടാക്കാനുള്ള സാങ്കേതികവിദ്യ പലയിടങ്ങളിലുമുണ്ടെങ്കിലും ഇത്രയും കാര്യക്ഷമമായും ചിലവുകുറച്ചുമുള്ള സാങ്കേതികവിദ്യ ഇതാദ്യമാണെന്നതാണ് ഇതിന്റെ പ്രത്യേകത. കേന്ദ്രഗവണ്മെന്റിന്റെ എഞ്ചിനീയര്‍സ് ഇന്ത്യ ലിമിറ്റഡിന്റെ സാമ്പത്തികസഹായത്തോടെ തുടങ്ങിയ ഈ കമ്പനി ഐ ഐ ടി മദ്രാസിലെ ഇന്ങ്ക്യുബേഷന് സേവനങ്ങളുടേ സഹായത്തിലുമാണ് രൂപീകരിയ്ക്കപ്പെട്ടിരിയ്ക്കുന്നത്. സിവിലിയന്‍ ആവശ്യങ്ങള്‍ക്കായി മാത്രമല്ല, സൈനിക ആവശ്യങ്ങള്‍ക്കും ഈ സാങ്കേതികവിദ്യ ഉപയോഗിയ്ക്കാനാകുമെന്ന് ഈ രംഗത്ത് ഗവേഷണം നടത്തുന്നവര്‍ അഭിപ്രായപ്പെടുന്നു.
Discussion about this post