ബംഗലൂരു: ‘ആത്മവിശ്വാസമുണ്ടെങ്കിൽ വിശ്വാസ വോട്ട് നേടി ഭരണം തുടരുക, അല്ലെങ്കിൽ മാന്യമായി രാജി വെച്ച് പുറത്ത് പോകുക.’ കർണ്ണാടക പ്രതിസന്ധിയിൽ സ്വരം കടുപ്പിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ബി എസ് യെദ്യൂരപ്പ.
കർണ്ണാടകയിലെ കോൺഗ്രസ്സ്- ജെഡിഎസ് തട്ടിക്കൂട്ട് മന്ത്രിസഭയ്ക്ക് നിലവിൽ ഭൂരിപക്ഷം നഷ്ടമായിരിക്കുകയാണെന്നും അതിനാൽ ഒന്നുകിൽ വിശ്വാസവോട്ടെടുപ്പ് നേരിട്ട് ഭരണം തുടരാനും അതിന് കഴിയില്ലെങ്കിൽ രാജി വെച്ച് പുറത്ത് പോകുവാനും യെദ്യൂരപ്പ മുഖ്യമന്ത്രി കുമാരസ്വാമിയോട് ആവശ്യപ്പെട്ടു.
പതിനഞ്ചോളം കോൺഗ്രസ്സ്- ജെഡിഎസ് എം എൽ എമാർ നിലവിൽ രാജി സമർപ്പിച്ചിരിക്കുകയാണ്. ഭൂരിപക്ഷം നഷ്ടപ്പെട്ട കുമാരസ്വാമി ഉടൻ രാജി വെക്കേണ്ടതാണ്. യെദ്യൂരപ്പ പറഞ്ഞു. രണ്ട് മന്ത്രിമാർ രാജി വെച്ച് ഗവർണ്ണറെ കണ്ട് തങ്ങൾ ബിജെപിയെ പിന്തുണയ്ക്കുമെന്ന് അറിയിച്ചു കഴിഞ്ഞു. അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനിടെ നിയമസഭയുടെ വർഷകാല സമ്മേളനം നടക്കുന്ന ഈ സമയത്ത്, തിങ്കളാഴ്ച തന്നെ താൻ വിശ്വാസവോട്ടെടുപ്പ് നേരിടാൻ തയ്യാറാണെന്ന് കുമാരസ്വാമി സ്പീക്കർ കെ ആർ രമേശ് കുമാറിനെ അറിയിച്ചിരുന്നു.
അതിനിടെ സംസ്ഥനത്ത് നടക്കുന്ന രാഷ്ട്രീയ പ്രതിസന്ധി നേരിടുന്നതിനെ കുറിച്ച് ആലോചിക്കാൻ കോൺഗ്രസ്സ് തിങ്കളാഴ്ച നിയമസഭാ കക്ഷി യോഗം വിളിച്ചിട്ടുണ്ട്.
കോൺഗ്രസ്സിൽ നിന്നും ജെഡിഎസിൽ നിന്നും പന്ത്രണ്ടോളം എം എൽ എമാർ രാജിവെക്കാൻ കഴിഞ്ഞയാഴ്ച തീരുമാനിച്ചതോടെയാണ് കർണ്ണാടകയിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായത്. സ്പീക്കർ തങ്ങളുടെ രാജി സ്വീകരിക്കുന്നില്ലെന്ന പരാതിയുമായി രാജി വെച്ച എം എൽ എമാർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
Discussion about this post