ഡൽഹി: ഓൾ ഇന്ത്യ മജ്ലിസ് ഇ ഇത്തിഹാദുൾ മുസ്ലിമീൻ എം പി അസദുദ്ദീൻ ഒവൈസിക്ക് പാർലമെന്റിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വക ഉപദേശം. ‘കേള്‍ക്കാന്‍ പഠിക്കൂ ഒവൈസി സാഹിബ്, ഈ പണി ഇവിടെ ചിലവാകില്ല’. എന്നായിരുന്നു അമിത് ഷാ ഒവൈസിയോട് പറഞ്ഞത്.
ദേശീയ അന്വേഷണ ഏജൻസി, എൻ ഐ എയുടെ പ്രവർത്തനങ്ങൾ ശാക്തീകരിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെയായിരുന്നു സംഭവം. ഇന്ത്യൻ പൗരന്മാർ ഇന്ത്യയ്ക്ക് വിരുദ്ധമായോ ഇന്ത്യയുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായോ വിദേശത്ത് പ്രവർത്തിച്ചാൽ അതും എൻ ഐ എയുടെ അന്വേഷണ പരിധിയിൽ കൊണ്ടു വരുന്ന ബിൽ അമിത് ഷാ ചർച്ചയ്ക്ക് വെച്ചു. വിഷയത്തിൽ ബിജെപി എം പി സത്യപാൽ സിംഗിന്റെ പ്രസംഗം തടസ്സപ്പെടുത്തിക്കൊണ്ട് ഒവൈസി ബഹളം വെച്ചപ്പോഴായിരുന്നു അമിത് ഷായുടെ വക ഉപദേശം.
ഭീകരവാദം ഗുരുതരമായ വിഷയമാണെന്നും മുതിർന്ന നേതാക്കൾ പോലും അതിന് ഇരകളാണെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷൻ റെഡ്ഡി അഭിപ്രായപ്പെട്ടു. ഭേദഗതി ബിൽ സഭയുടെ പരിഗണനയ്ക്ക് വെക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
വിദേശത്തുള്ള ഭാരതീയരെയും ഭാരത താത്പര്യങ്ങളെയും ലക്ഷ്യം വെക്കുന്ന ഗൂഢശക്തികൾക്കെതിരെ നടപടിയെടുക്കാൻ പുതിയ ഭേദഗതി സഹായകമാകുമെന്ന് റെഡ്ഡി പറഞ്ഞു. സൈബർ കുറ്റകൃത്യങ്ങൾ, ആയുധക്കടത്ത്, മനുഷ്യക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ട കേസുകളിലും അന്വേഷണം നടത്താൻ എൻ ഐ എയ്ക്ക് പുതിയ ഭേദഗതി അധികാരം നൽകും.
ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമാണ് സർക്കാർ നയമെന്ന് വ്യക്തമാക്കിയ റെഡ്ഡി, രാജ്യതാത്പര്യം പരിഗണിച്ച് എല്ലവരും ബില്ലിനെ അനുകൂലിക്കണമെന്നും അഭ്യർത്ഥിച്ചു.
എൻ ഐ എ അന്വേഷണങ്ങൾ മികച്ച രീതിയിൽ മുന്നോട്ട് പോകുകയാണെന്നും ഇതിനോടകം രജിസ്റ്റർ ചെയ്ത 272 കേസുകളിൽ 52 എണ്ണത്തിൽ വിധി പറഞ്ഞതായും 46 എണ്ണത്തിൽ വിചാരണ പുരോഗമിക്കുകയാണെന്നും മന്ത്രി സഭയിൽ വ്യക്തമാക്കി.
ബജറ്റ് ചർച്ചകൾക്കിടെ മറ്റൊരു വിഷയം ചർച്ച ചെയ്യുന്നതിന്റെ സാംഗത്യം ചോദ്യം ചെയ്ത് എൻ കെ പ്രേമചന്ദ്രൻ അടക്കമുള്ള പ്രതിപക്ഷ അംഗങ്ങൾ സ്പീക്കറോട് സംസാരിച്ചുവെങ്കിലും സ്പീക്കർ ഓം ബിർള ചർച്ചയ്ക്ക് അനുമതി നൽകുകയായിരുന്നു.
Discussion about this post