വിശ്വാസവോട്ടെടുപ്പ് നടക്കുന്ന കർണാടകയിൽ സഭ നടപടികൾ തുടങ്ങി. മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി സംസാരിക്കുന്നു. എല്ലാ എംഎൽഎമാർക്കും സഭയിൽ സംസാരിക്കാൻ അവസരം നൽകുമെന്ന് റിപ്പോർട്ടുകളുണ്ട്. ഇതിന് സമയപരിധിയില്ല. ചർച്ച നാളെയും പൂർത്തിയായില്ലെങ്കിൽ വോട്ടെടുപ്പ് അടുത്താഴ്ചത്തേക്കു നീളും. അതേസമയം, വോട്ടെടുപ്പ് ഇന്നു തന്നെ നടത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി സ്പീക്കറെ സമീപിച്ചു. വോട്ടെടുപ്പിൽ ചർച്ച വേണ്ടെന്നാണ് അവരുടെ നിർദേശം.
സുപ്രീംകോടതി ഉത്തരവ് ചർച്ചയാക്കാനില്ല. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് തങ്ങൾക്കെതിരെ ഉന്നയിക്കുന്നതെന്നും കുമാരസ്വാമി ചോദിച്ചു. ബിജെപി നേതാവ് എന്തിനാണ് വിശ്വാസവോട്ടെടുപ്പ് വേഗത്തിലാക്കാൻ ധൃതികൂട്ടുന്നത്. തന്റെ പ്രവർത്തനത്തിൽ തൃപ്തിയുണ്ടെന്ന് ഒട്ടേറെ എംഎൽഎമാർ തന്നോട് പറഞ്ഞിട്ടുണ്ട്. ബഹുമാനം ചിലപ്പോൾ ചിലർക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. പക്ഷേ എനിക്ക് ആത്മാഭിമാനം ബാക്കിയുണ്ടെന്നും കുമാരസ്വാമി പറഞ്ഞു
അതിനിടെ, കർണാടകയില്‍ കോൺഗ്രസ് എംഎൽഎ ശ്രീമന്ത് പാട്ടീലിനെ കാണാനില്ലെന്ന് റിപ്പോർട്ട്. എംഎൽഎമാർ താമസിക്കുന്ന റിസോർട്ടിൽനിന്നാണ് സീമന്ത് പാട്ടീലിനെ കാണാതായത്. ഇന്നലെ മുൻ മുഖ്യമന്ത്രി സിദ്ധാരാമയ്യ റിസോർട്ടിൽ നടത്തിയ യോഗത്തിൽ പങ്കെടുത്തിരുന്നു. അതിനുശേഷം ഇയാളെ കാണാനില്ലെന്നാണു വിവരം. ഇന്ന് വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കെയാണ് തിരോധാനം. മുംബൈയിൽ തുടരുന്ന വിമത എംഎൽഎമാർ ഇന്നത്തെ വിശ്വാസവോട്ടെടുപ്പിൽ പങ്കെടുക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇതോടെ എച്ച്.ഡി.കുമാരസ്വാമിക്ക് മുഖ്യമന്ത്രി പദത്തിൽ തുടരാനാകില്ലെന്നും സർക്കാർ വീഴുമെന്നും ഏറെക്കുറെ ഉറപ്പാണ്.
Discussion about this post