ചണ്ഡീഗഡ്: പഞ്ചാബ് മന്ത്രിസഭയിൽ നിന്നുള്ള നവ്ജ്യോത് സിംഗ് സിദ്ധുവിന്റെ രാജി മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് സ്വീകരിച്ചു. ഔദ്യോഗിക അംഗീകാരത്തിനായി രാജിക്കത്ത് അദ്ദേഹം ഗവർണ്ണർ വി പി എസ് ബദ്നോറിന് കൈമാറി.
മന്ത്രിസഭ പുന:സംഘടനയെ തുടർന്ന് ഊർജ്ജ വകുപ്പിന്റെ ചുമതല ലഭിച്ച സിദ്ധു ജൂലൈ 15നായിരുന്നു രാജി സമർപ്പിച്ചിരുന്നത്. രാജി വെക്കുന്നതിന്റെ കാരണങ്ങൾ സിദ്ധു രാജിക്കത്തിൽ വ്യക്തമാക്കിയിട്ടില്ല.
പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ സിദ്ധു പാകിസ്ഥാനിൽ പോയതും പാക് കരസേന മേധാവിയെ ആലിംഗനം ചെയ്തതും വിവാദമായിരുന്നു. ഇതിൽ മുൻ സൈനികൻ കൂടിയായ ക്യാപ്റ്റൻ അമരീന്ദർ സിംഗിന് കടുത്ത അമർഷമുണ്ടായിരുന്നു.
സിദ്ധുവിന്റെ ഭാര്യക്ക് പൊതു തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് സീറ്റ് നിഷേധിച്ചതിന് പിന്നിൽ അമരീന്ദറാണെന്ന് സിദ്ധു ആരോപിച്ചിരിന്നു. ഇതും പഞ്ചാബ് കോൺഗ്രസ്സിൽ അസ്വാരസ്യങ്ങൾക്ക് വഴി വെച്ചിരുന്നു.
Discussion about this post