കുമാര്‍ ചെല്ലപ്പന്‍-(In Facebook)
ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെ ചന്ദ്രനിലേക്കാണോ അതോ ചൊവ്വയിലേക്കാണോ അയക്കേണ്ടത് എന്നാണ് കേരളത്തിലെ പുതിയ വിവാദം . അതവിടെ നില്‍ക്കട്ടെ . ആരാണീ അടൂര്‍ ഗോപാലകൃഷ്ണന്‍ എന്നത് മലയാളികളോ പ്രത്യേകിച്ച് ബിജെപിയുടെ നേതാവായ ബി ഗോപാലകൃഷ്ണന്‍ എന്ന അഭിഭാഷകനോ മനസ്സിലാക്കിയിട്ടുണ്ടോ ? സംശയമാണ് .. നായ നായയെ തിന്നുന്ന ലോകമാണ് സിനിമയും രാഷ്ട്രിയവും . ബി ഗോപാലകൃഷ്ണന്‍ പരന്ന വായനയും എഴുത്തും എല്ലാമായി കഴിയുന്ന ഒരു ബുദ്ധിജീവിതന്നെയാണ് . സംശയമില്ല . ‘ഗോഡെസ്‌ക്ക് അന്ന് ഉന്നം തെറ്റിയോ ‘ എന്ന ഗോപാലകൃഷ്ണന്റെ ലേഖനം സൃഷ്ടിച്ച ഭൂമികുലുക്കം ഇന്നും അവസാനിച്ചിട്ടില്ല . അടൂര്‍ ഗോപാലകൃഷ്ണന്‍ സിനിമയില്‍ എന്താണോ അതിലും ഒട്ടും കുറവല്ല ബി ഗോപാലകൃഷ്ണന്‍ .
രാഷ്ട്രീയത്തില്‍.
ഇനി അടൂര്‍ എന്ന ചലച്ചിത്ര പ്രതിഭയെ കുറിച്ച്: 197172ലാണ് സ്വയംവരം എന്ന സിനിമയുമായി ഗോപാലകൃഷ്ണന്‍ രംഗ പ്രവേശം നടത്തുന്നത്. ചിത്രലേഖ ഫിലിം സൊസൈററ്റി എന്ന ഒരു സ്ഥാപനമാണ് സ്വയംവരത്തിന്റെ നിര്‍മ്മാതാക്കള്‍ . വ്യക്തമായി പറഞ്ഞാല്‍ കുളത്തൂര്‍ ഭാസ്‌കരന്‍ നായര്‍ എന്ന തിരുവനന്തപുരം കച്ചവടക്കാരന്‍ . അടൂരും ഭാസ്‌കരന്‍ നായരും ചേര്‍ന്ന് നടത്തിയ സംയുക്ത സംരംഭമായിരുന്നു സ്വയംവരം . സിനിമ റിലീസ് ചെയ്തതും കൊട്ടകകളില്‍ നിന്നും പിന്‍വലിച്ചതും ആരും അറിഞ്ഞില്ല എന്നതാണ് സത്യം . ആ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് സ്വയവരവും ഒരു മത്സരാര്‍ത്ഥി ആയിരുന്നു . എം എസ്. സത്യു എന്ന ഉത്തരേന്ത്യന്‍ പ്രതിഭയെയാണ് അവാര്‍ഡ് നിര്‍ണയ സമിതി അധ്യക്ഷനായി നിയോഗിച്ചതെങ്കിലും അദ്ദേഹം അവസാന നിമിഷത്തില്‍ കാലുമാറി . കേന്ദ്ര പ്രതിരോധ സര്‍വീസിലെ ഉദ്യോഗസ്ഥാനായ ഒരു പിള്ള ആണ് പകരക്കാരനായി എത്തിയത്. അന്നത്തെ സാംസ്‌കാരിക സെക്രട്ടറി ആര്‍ രാമചന്ദ്രന്‍ നായര്‍ ആയിരുന്നു അവാര്ഡ് സമിതിയുടെ ex.officio മെമ്പര്‍ .. മെമ്പര്‍ സെക്രട്ടറി അന്നത്തെ പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ തോട്ടം രാജശേഖരന്‍ . ഫിലിം archives ഉദ്യോഗസ്ഥന്‍ പി കെ നായര്‍ ആയിരുന്നു മറ്റൊരു സമിതി അംഗം . ബോംബയില്‍ നിന്നും തിരുവനന്തപുരത്തു അവാര്‍ഡ് നിര്‍ണയ യോഗത്തിനു എത്തിയ പി കെ നായര്‍ , സംസ്ഥാന സര്‍ക്കാരിന്റെ ആതിഥേയത്വം നിരസിച്ചു , കുളത്തൂര്‍ ഭാസ്‌കരന്‍ നായരുടെ അതിഥിയായാണ് കഴിഞ്ഞത് . ആ വര്‍ഷത്തെ ഏറ്റവും ജനപ്രീതി നേടിയ ചിത്രമായിരുന്നു പണി തീരാത്ത വീട് .
അവാര്‍ഡ് യോഗത്തില്‍ പി കെ നായര്‍ എത്തിയത് അദ്ദേഹത്തിന്റെ ലിസ്റ്റുമായാണ് . ഏറ്റവും നല്ല ചിത്രം: സ്വയംവരം … ഏററവും നല്ല സംവിധായകന്‍ : അടൂര്‍ ഗോപാലകൃഷ്ണന്‍ ..നടന്‍: മധു (സ്വയംവരം) നടി: ശാരദ (സ്വയംവരം)… അങ്ങനെ എല്ലാ അവാര്‍ഡുകളും സ്വയംവരത്തിനു .. പാട്ടിനും സംഗീതത്തിനും മാത്രം പി കെ നായര്‍ അവകാശവാദം ഉന്നയിച്ചില്ല.. (കൂടുതല്‍ കൗതുകരമായി ഈ വിഷയം തോട്ടം രാജശേഖരന്‍ തന്റെ ഓര്‍മ്മക്കുറിപ്പുകള്‍ ആയ ഉദ്യോഗപര്‍വം എന്ന പുസ്തകത്തില്‍ വിവരിച്ചിരിക്കുന്നു) ഏതായാലും അവാര്‍ഡ് സമിതി ആ ലിസ്റ്റ് പൂര്‍ണമായും അംഗീകരിച്ചില്ല . കേരളത്തില്‍വെച്ചു പൂര്‍ണമായി ചിത്രീകരിച്ച ഏറ്റവും നല്ല സിനിമക്കുള്ള അവാര്‍ഡ് സ്വയംവരത്തിനു നല്‍കാന്‍ തീരുമാനമായി .. ഏറ്റവും നല്ല ചിത്രത്തിനുള്ള ബഹുമതി കെ എസ് സേതുമാധവന്‍ സംവിധാനം ചെയ്ത പണിതീരാത്ത വീട് എന്ന ചിത്രത്തിന് സമ്മാനിച്ച് . ഉച്ചക്കുള്ള പ്രാദേശിക വാര്‍ത്തയില്‍ അവാര്‍ഡ് സംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു . അന്ന് വൈകീട്ട് തിരുവനന്തപുരം ക്ലബ്ബില്‍ കുളത്തൂര്‍ ഭാസ്‌കരന്‍ നായര്‍ , പി കെ നായര്‍ , അടൂര്‍ ഗോപാലകൃഷ്ണന്‍ എന്നിവര്‍ ഒരു പത്രസമ്മേളനം നടത്തി . സ്വയംവരത്തിനു കേരള സര്‍ക്കാര്‍ സമ്മാനിച്ച അവാര്‍ഡ് തങ്ങള്‍ സ്വീകരിക്കുകയില്ലെന്നും , ഇതിനു പകരം ദില്ലിയില്‍ ദേശീയ അവാര്‍ഡുകള്‍ പ്രഖ്യാപിക്കുമ്പോള്‍ തങ്ങള്‍ കാണിച്ചുതരാമെന്നും ത്രിമൂര്‍ത്തികള്‍ വെല്ലുവിളിച്ചു .
ഏതായാലും കേന്ദ്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ , സ്വയംവരം നാലു അവാര്‍ഡുകള്‍ കരസ്ഥമാക്കി . ഏറ്റവും നല്ല ചിത്രം , ഏറ്റവും നല്ല സംവിധായകന്‍ , നല്ല ചായ ഗ്രാഹകന്‍ , നല്ല നടി… മികച്ച രണ്ടാമത്രെ ചിത്രത്തിനുള്ള അവാര്‍ഡ് ലഭിച്ചത് മൃണാള്‍ സെന്‍ സംവിധാനം ചെയ്ത കല്‍ക്കട്ട .71.. !!!!!
ഏറ്റവും നല്ല ചിത്രത്തിനുള്ള കേരളം സംസ്ഥാന അവാര്‍ഡ് നേടിയ പണി തീരാത്ത വീടിനു , കേന്ദ്രം നല്‍കിയത് ഏറ്റവും നല്ല മലയാള ചിത്രം എന്ന ബഹുമതി .
തോട്ടം രാജശേഖരന്റെ ഓര്മക്കുറിപ്പുകളില്‍ ഈ ദേശീയ അവാര്‍ഡിന് വി കെ മാധവന്‍ കുട്ടിയുമായി ഒരു ബന്ധം ഉണ്ടെന്നു സൂചന നല്‍കിയിരുന്നു ..1998 ഇല്‍ മാധവന്കുട്ടിയെ നേരില്‍ പരിചയപ്പെട്ടു , ചെന്നൈയില്‍ വരുമ്പോള്‍ എന്നും അദ്ദേഹം ഊണ് കഴിക്കാന്‍ ക്ഷണിക്കും . നുങ്കമ്പാക്കത്തെ പാം ഗ്രോവ് ഹോട്ടലില്‍ ആണ് അദ്ദേഹം എല്ലാ തവണയും ഊണ് മേടിച്ചു തരുന്നതിനു കൂട്ടികൊണ്ടു പോകുക . അങ്ങനെ ഒരു അവസരത്തില്‍ അദ്ദേഹത്തോട് ചോദിച്ചു . ‘സര്‍ , നമ്മുടെ അടൂര്‍ ഗോപാലകൃഷ്ണന് ദേശീയ അവാര്‍ഡ് ലഭിച്ചതില്‍ സാറിനു പ്രധാന പങ്കുണ്ടെന്നു തോട്ടം രാജശേഖരന്‍ എഴുതിയിരുന്നല്ലോ .. അത് ശരിയാണോ സര്‍ ‘.. തന്റെ വിഖ്യാതമായ ചിരിയായിരുന്നു മാധവന്കുട്ടിയുടെ മറുപടി .. വീണ്ടും വീണ്ടും ചോദിച്ചപ്പോള്‍ അദ്ദേഹം മനസ്സ് തുറന്നു . ‘ പി കെ നായരേ അറിയില്ലേ ? അദ്ദേഹം പഴയ സുഹൃത്താണ് ..ഒരു ദിവസം നായരും , കുളത്തൂരും അടൂരും എന്നെ കാണാന്‍ ആപ്പീസില്‍ വന്നു . കുളത്തൂര്‍ , അടൂര്‍ എന്നിവരെ എനിക്ക് പരിചയം ഉണ്ടായിരുന്നില്ല .. സ്വയംവരത്തിനു ദേശീയ അവാര്‍ഡ് സംഘടിപ്പിക്കാനാണ് അവര്‍ വന്നത് . അന്ന് നന്ദിനിയോ മറ്റോ ആണ് വാര്‍ത്ത പ്രക്ഷേപണ മന്ത്രി . ഞാന്‍ അവരെയും കൂട്ടി മന്ത്രിയുടെ അടുത്ത് പോയി . രണ്ടോ മൂന്നോ അവാര്‍ഡ് നല്‍കാം എന്ന് അവരുടെ ഉറപ്പും കിട്ടി . നായര്‍ക്ക് കൂടുതല്‍ അവാര്‍ഡ് വേണം എന്നായിരുന്നു ആവശ്യം , എന്നെ ജീവിക്കാന്‍ സമ്മതിക്കണം എന്ന് മന്ത്രി പറഞ്ഞതായി ഓര്‍ക്കുന്നു..’ മാധവന്‍ കുട്ടി ഓര്മ ചെപ്പു തുറന്നു ….
ഇതാണ് സ്വയംവരത്തിന്റെ കഥ .. അടൂര്‍ ഗോപാലകൃഷ്ണന്റെയും .. ഇനി മാന്യ വായനക്കാരുടെ ഇഷ്ടത്തിന് വിടുന്നു ചന്ദ്രനിലേക്കോ ചൊവ്വയിലേക്കോ അടൂരിനെ അയക്കേണ്ടതെന്നു നിങ്ങള്‍ തീരുമാനിക്കുക . ഒരു കാര്യം മറന്നു പോയി , ഞാന്‍ പരിചയപ്പെടുമ്പോള്‍ മാധവന്‍ കുട്ടി ഒരു മലയാള ടി വി ചാനലിന്റെ വൈസ് പ്രസിഡന്റ് ആയിരുന്നു…
https://www.facebook.com/kumarchellappan/posts/10156527879663660
.
Discussion about this post