മുംബൈ : ഏറെ പ്രേക്ഷകപ്രീതി പിടിച്ചു പറ്റിയിരുന്ന ബോളിവുഡ് ചിത്രം സനം തേരി കസമിന്റെ രണ്ടാം ഭാഗത്തുനിന്നും നായിക മാവ്‌റ ഹുസൈൻ പുറത്ത്. പാകിസ്താനിയായ മാവ്‌റ ഹുസൈന്റെ ഇന്ത്യാവിരുദ്ധ പരാമർശങ്ങളെ തുടർന്നാണ് ചിത്രത്തിൽ നിന്നും നടിയെ മാറ്റിയിട്ടുള്ളത്. ഓപ്പറേഷൻ സിന്ദൂറിനെ അപമാനിക്കുന്ന രീതിയിൽ നടി സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചിരുന്നത് നേരത്തെ വാർത്തയായിരുന്നു.
മാവ്‌റ ഹുസൈന്റെ ഇന്ത്യാവിരുദ്ധ പോസ്റ്റിന് പിന്നാലെ നടിയോടൊപ്പം ഇനി അഭിനയിക്കില്ല എന്ന് ചിത്രത്തിലെ നായകൻ ഹർഷവർദ്ധൻ റാണെ വ്യക്തമാക്കിയിരുന്നു. എന്റെ രാജ്യത്തിന്റെ അന്തസ്സിനു നേരെയുള്ള ഏതൊരു ആക്രമണത്തോടും എനിക്ക് ഒരു തരത്തിലും സഹിഷ്ണുതയില്ല എന്നാണ് നടിയുടെ പ്രസ്താവനയെ കുറിച്ച് ഹർഷവർദ്ധൻ റാണെ അഭിപ്രായപ്പെട്ടിരുന്നത്. ഇതിന് പിന്നാലെ ചിത്രത്തിന്റെ സംവിധായകരായ രാധിക റാവുവും വിനയ് സപ്രുവും ചേർന്ന് മാവ്‌റ ഹുസൈനെ സിനിമയിൽ നിന്നും മാറ്റിയതായി പ്രഖ്യാപിക്കുകയായിരുന്നു.
2016-ൽ സനം തേരി കസം എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച നടിയാണ് മാവ്‌റ ഹുസൈൻ. പഹൽഗാം ഭീകരാക്രമണത്തിനുള്ള മറുപടിയായി ഇന്ത്യ പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമാക്കി നടത്തിയ ഓപ്പറേഷൻ സിന്ദൂറിനെ അവഹേളിച്ചു കൊണ്ടായിരുന്നു നടി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നത്. “പാകിസ്താനെതിരായ ഇന്ത്യയുടെ ഭീരുത്വം നിറഞ്ഞ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു… നിരപരാധികളായ സാധാരണക്കാർക്ക് ജീവൻ നഷ്ടപ്പെട്ടു. അല്ലാഹു നമ്മളെയെല്ലാം സംരക്ഷിക്കട്ടെ… വിജയിക്കട്ടെ.” എന്നായിരുന്നു മാവ്‌റ ഹുസൈൻ തന്റെ സമൂഹമാധ്യമ പോസ്റ്റിൽ പങ്കുവെച്ചിരുന്നത്. അതേസമയം “രാഷ്ട്രമാണ് മറ്റെല്ലാറ്റിനും വലുത്. നമ്മുടെ സർക്കാരിനെയും സായുധ സേനയെയും ഞങ്ങൾ പിന്തുണയ്ക്കുന്നു. ഏത് രൂപത്തിലുള്ള തീവ്രവാദത്തെയും അപലപിക്കണം” എന്ന് പറഞ്ഞുകൊണ്ടാണ് ചിത്രത്തിന്റെ സംവിധായകർ നടിയെ സിനിമയിൽ നിന്നും മാറ്റിയതായി പ്രഖ്യാപിച്ചത്.
Discussion about this post