കായംകുളം കട്ടച്ചിറ പള്ളി പരിസരത്ത് ഓർത്തഡോക്സ് – യാക്കോബായ വിഭാഗങ്ങൾ തമ്മിൽ സംഘർഷം. ഇരുവിഭാഗങ്ങളും തമ്മിൽ തർക്കം നിലനിന്നിരുന്ന പള്ളിയിൽ സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് ഓർത്തഡോക്സ് വിഭാഗം പ്രവേശിച്ചതാണ് സംഘർഷത്തിന് കാരണം.
പൊലീസ് സംരക്ഷണത്തോടെ ഓർത്തഡോക്സ് വിഭാഗക്കാരെ പള്ളിയിൽ പ്രവേശിപ്പിച്ച് കോടതി വിധി നടപ്പാക്കാനാണ് ജില്ല ഭരണകൂടം ശ്രമിച്ചത്. ശനിയാഴ്ച ഉച്ച 2.30ഓടെയാണ് ഇടവക വികാരി ഫാ. ജോൺസ് ഈപ്പന്റെ നേതൃത്വത്തിൽ 30 അംഗ സംഘം പൊലീസ് സംരക്ഷണത്തിൽ പള്ളിയിൽ പ്രവേശിച്ചത്. ഓർത്തഡോക്സ് സഭ ഭാരവാഹികളും ഒപ്പമുണ്ടായിരുന്നു. ഇതേസമയം, പള്ളിക്ക് തൊട്ടുമുമ്പിൽ യാക്കോബായ വിഭാഗക്കാർ പ്രതിഷേധ സമരം തുടങ്ങി. ഇതോടെ സ്ഥലത്ത് സംഘർഷാവസ്ഥയായി.
സമരപ്പന്തലിലെ യാക്കോബായ വിഭാഗക്കാരെ പൊലീസ് വലയത്തിലാക്കിയാണ് ഓർത്തഡോക്സ് വിഭാഗക്കാർ പള്ളിയിൽ പ്രവേശിച്ചത്. പ്രതിഷേധത്തിനിടെ കുഴഞ്ഞുവീണ യാക്കോബായ വിശ്വാസിയായ കുട്ടിയമ്മയെ (78) കായംകുളം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഘർഷ സാഹചര്യത്തിൽ ഉച്ചക്ക് രണ്ട് മുതൽ കെ.പി റോഡിൽ പൊലീസ് ഗതാഗതം നിയന്ത്രിച്ചിരിക്കുകയാണ്. സബ് കലക്ടർ കൃഷ്ണതേജ സ്ഥലത്തെത്തി സമാധാനശ്രമം തുടരുകയാണ്. ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിൽ 400ഓളം പൊലീസുകാരും സ്ഥലത്തുണ്ട്.
Discussion about this post