നെടുങ്കണ്ടം പോലീസ് സ്റ്റേഷനിൽ മർദനത്തിനിരയായി മരിച്ച രാജ്കുമാറിന്റെ മൃതദേഹം ഇന്ന് രാവിലെ 10-ന് വീണ്ടും പോസ്റ്റ്‌മോർട്ടം ചെയ്യും. രാജ്കുമാറിനെ സംസ്കരിച്ച് മുപ്പത്തിയേഴാം ദിവസമാണ് മൃതദേഹം പുറത്തെടുത്ത് വീണ്ടും റീപോസ്റ്റ്‌മോർട്ടം നടത്തുന്നത്.
കസ്റ്റഡി മരണം അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് കമ്മിഷന്റെ നിർദേശത്തെത്തുടർന്നാണ് നടപടി.ആദ്യം കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയാണ് മൃതദേഹം സംസ്കരിച്ചത്. എന്നാൽ പരിക്കുകളുടെ പഴക്കം കണ്ടെത്തുകയോ ആന്തരാവയവങ്ങൾ പരിശോധനയ്ക്ക് എടുക്കുകയോ ചെയ്തിരുന്നില്ല. വിവാദങ്ങൾ ഉയർന്നതിനെത്തുടർന്നാണ് മൃതദേഹം വീണ്ടും പോസ്റ്റ്‌മോർട്ടം ചെയ്യുന്നത്..
മുതിർന്ന പോലീസ് സർജന്മാരായ കെ. പ്രസന്നൻ (കോഴിക്കോട് മെഡിക്കൽ കോളേജ്), പി.ബി. ഗുജ്‌റാൾ (പാലക്കാട് ജില്ലാ ആശുപത്രി), ഡോ. എ.കെ. ഉന്മേഷ് (എറണാകുളം മെഡിക്കൽ കോളേജ്) എന്നിവരെയാണ് ഇതിന് നിയോഗിച്ചത്. വാഗമൺ സെയ്ന്റ് സെബാസ്റ്റ്യൻ ദേവാലയ സെമിത്തേരിയിലാണ് മൃതദേഹം സംസ്കരിച്ചിരിക്കുന്നത്.
Discussion about this post